a

തിരുവനന്തപുരം: പിണറായി വിജയൻ നിർദ്ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന കെ.ടി.ജലീൽ മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിൽ നിന്ന് - ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങൾ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. ജലീൽ തെളിവായി പുറത്തുവിട്ട ഹൈക്കോടതി വിധി പ്രസ്താവിച്ചത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി.സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. 2005 ജനുവരി 25ലെ വിധിയും 2004 നവംബർ 15ന് ഡോ. ജാൻസി ജെയിംസ് എം.ജി വി. സി ആയതും തമ്മിൽ എന്തു ബന്ധം ? കണ്ണൂർ വി.സിയുടേതു പോലെ വഴിവിട്ടുള്ളതാണെന്ന ആക്ഷേപം ഡോ. ജാൻസി ജെയിംസിന്റെ നിയമനത്തിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വി. സി ആയ ജാൻസി ജെയിംസിന്റെ കാലത്ത് ജലീലിന്റെ കാലത്തെ പോലെ മാർക്ക് ദാന വിവാദവുമുണ്ടായിട്ടില്ല.

ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീൽ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരിൽ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ആക്ഷേപിക്കുന്നത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഭൂഷണമാണോ?. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ ഇ.ഡിയുടെ പിന്നാലെ നടന്നതിന് പിണറായി വിജയൻ പരസ്യമായി ശകാരിച്ചത് ജലീൽ മറന്നു കാണില്ല. പിണറായിയെ ഇപ്പോൾ പിന്നിൽ നിന്ന് കുത്താൻ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയുടെ ശകാരമാകാം.

ജലീൽ സർക്കാരിന്റെ ചാവേർ

ലോകായുക്തയ്ക്കെതിരായ കെ.ടി.ജലീലിന്റെ വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയാണെന്ന് വി.ഡി.സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്റിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്റിയുടെയും കേസ് മുന്നിലുള്ളപ്പോഴാണ് ലോകായുക്തയെ ഓർഡിനൻസിലൂടെ ദുർബലമാക്കാൻ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാൻ സർക്കാർ ഒരു ചാവേറിനെ ഇറക്കിയത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോൾ ചാവേറിന്റെ വീര്യം കൂടും. മുഖ്യമന്ത്റിക്കെതിരെ നടപടിയെടുത്താൽ കാണിച്ചുതരാമെന്ന ലോകായുക്തയ്‌ക്കുള്ള ഭീഷണിയാണിത്.