
തിരുവനന്തപുരം: എൽ.പി അദ്ധ്യാപകരുടെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടും പഴയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
2012 ലെ എൽ.പി അദ്ധ്യാപക പട്ടികയിൽ നിന്ന് 148 പേർക്ക് നിയമനം നൽകാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ വിധിക്കാണ് സ്റ്റേ . 2012-ൽ നിലവിൽ വന്ന ലിസ്റ്റ് 3 വർഷം കൊണ്ട് കാലാവധി തീരേണ്ടതിനു പകരം നാലര വർഷം കഴിഞ്ഞ് 2016 സെപ്റ്റംബറിലാണ് റദ്ദായത്.കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കാരണം വർഷങ്ങളായി നടത്താതിരുന്ന തസ്തിക നിർണ്ണയം ആ വർഷമാണ് നടത്തിയത്. എന്നാൽ തസ്തിക നിർണ്ണയം നടത്തിയപ്പോൾ അന്നുണ്ടായിരുന്ന ഒഴിവുകളെക്കാൾ കൂടുതൽ അദ്ധ്യാപകരെ നിയമിച്ചതായി കണ്ടെത്തി . ഇതിനെതിരെ 2018 ൽ നിലവിൽ വന്ന എൽ.പി.എസ്.എ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ അന്വേഷണത്തിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ കമ്മീഷനെ നിയോഗിച്ചു .ഈ ഒഴിവുകളുടെ ഉത്ഭവം കണ്ടെത്താനും നിർദേശിച്ചു. ഡി.ഡിയുടെയടക്കമുള്ള സ്റ്റേറ്റ്മെന്റ് മാത്രം കണക്കിലെടുത്ത് 2012 ലെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അനുകൂലമായി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെ, അന്തിമ വിധി ആ ലിസ്റ്റിലുള്ളവർക്ക് അനുകൂലമായി. ഇതിനെതിരെ 2021-ലെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ .നിലവിലുള്ള 336 ഒഴിവുകൾ പുതിയ ലിസ്റ്റിലുള്ളവർക്ക് അവകാശപ്പെട്ടതാണെന്ന് 2021-ലെ ഷോർട്ട് ലിസ്റ്റിലുള്ളവർ വാദിച്ചു. രണ്ട് പുതിയ ലിസ്റ്റുകൾ വന്നിട്ടും 6 വർഷം തുടർച്ചയായി അവകാശ വാദം ഉന്നയിക്കുന്ന 2012 ലിസ്റ്റുകാരുടെ നടപടി നീതിക്ക് നിരക്കാത്തതാണെന്ന് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പറയുന്നു.