
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കീഴിൽ പുതിയ സ്വതന്ത്ര കമ്പനിയായ 'സ്വിഫ്ട്' മാർച്ച് പകുതിയോടെ പ്രവർത്തനം തുടങ്ങും. 'ഗജരാജ' എന്ന പേര് നൽകിയ എട്ട് സ്ലീപ്പർ എ.സി ബസുകളാകും ബംഗളൂരുവിലേക്കും മൈസുരുവിലേക്കും സർവീസ് നടത്തുക. ആറെണ്ണം ബംഗളൂരുവിലേക്കും രണ്ടെണ്ണം മൈസൂരുവിലേക്കും. ആനവണ്ടി എന്ന വിളിപ്പേര് പരിഷ്കരിച്ചാണ് ഗജരാജ എന്നിട്ടത്. സെമി സ്ലീപ്പർ എ.സി ബസുകൾക്ക് 'ഗരുഡ' എന്ന പേര് തുടരും. ഇവ കൂടാതെ രണ്ടുപേരുകളിൽ നോൺ എ.സി ബസുകളും സർവീസിനുണ്ടാകും. ഇവയുടെ പേര് നിശ്ചയിച്ചിട്ടില്ല. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയാണ് സ്വിഫ്ട് സർവീസുകൾ ലക്ഷ്യമിടുന്നത്. കമ്പനിയിലേക്ക് നിയമനം നടത്താനുള്ള നടപടി പുരോഗമിക്കുന്നു.
ആദ്യഘട്ടത്തിൽ 100 ബസുകളാകും ഉണ്ടാവുക. പിന്നീട് 16 ബസുകൾ കൂടി വാങ്ങും. ജീവനക്കാർക്ക് വ്യത്യസ്ത യൂണിഫോം പരിഗണനയിലാണ്. കെ.എസ്.ആർ.ടി.സിക്കു വേണ്ടിയാകും സ്വിഫ്ട് സർവീസുകൾ നടത്തുക. സ്വിഫ്ട് വരുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന ജീവനക്കാരുടെ ആശങ്ക ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ തന്നെയാകും ടിക്കറ്റ് പരിശോധന നടത്തുക. ആദ്യഘട്ടത്തിൽ 150 പേരെ ഡ്രൈവർ കം കണ്ടക്ടർ ആയി നിയമിക്കും. ഇവർക്ക് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകും
ഫുഡ് ഓർഡർ കണ്ടക്ടർ എടുക്കും
ഭക്ഷണം കഴിക്കാൻ നിറുത്തുന്ന ഹോട്ടലുകൾ ഏതൊക്കെയാണെന്ന് യാത്രക്കാരെ നേരത്തെ അറിയിക്കും. ഭക്ഷണത്തിന്റെ ഓർഡർ കണ്ടക്ടർക്ക് നൽകാം. കണ്ടക്ടർ ഇത് ഹോട്ടലിനെ അറിയിക്കും. ബസ് അവിടെ എത്തുമ്പോൾ ഭക്ഷണം തയ്യാറായിരിക്കും. ഭക്ഷണത്തിന് ഓർഡർ നൽകി കാത്തിരിക്കുന്ന സമയം ലാഭിക്കാൻ കൂടിയാണിത്. കെ.എസ്.ആർ.ടി.സി റിഫ്രഷ് സെന്റർ എന്ന പേരുകൂടി ഇത്തരം ഹോട്ടലുകൾക്ക് നൽകും. ഈ ഹോട്ടലുകൾ യാത്രക്കാർക്ക് സൗജന്യമായി വെൽക്കം ഡ്രിങ്കും നൽകും.