kodikkunnil-suresh

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ മൂർച്ചയില്ലാത്ത 'പേനാക്കത്തിയായി" മാറിയ ജലീൽ അപഹാസ്യമായ പ്രസ്താവനകൾ നടത്തുന്നത് ഇനിയെങ്കിലും നിറുത്തണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു. പിതൃസഹോദരന്റെ മകന് സർക്കാർ ജോലി നേടിക്കൊടുത്ത് നാണംകെട്ട് പുറത്തുപോയ മഹാനാണ് ഇപ്പോഴത്തെ യജമാനനെ പ്രീതിപ്പെടുത്താൻ ലോകായുക്തയ്ക്കെതിരെ ചെളി വാരിയെറിയുന്നത്. ഒരു സാമാജികന് ചേരാത്ത, ഒരു മുൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് ഭൂഷണമല്ലാത്ത ശൈലിയിൽ അപവാദം പ്രചരിപ്പിക്കാൻ ഇറങ്ങിയ ജലീലിന് യജമാനസേവ കൊണ്ടൊന്നും ഇനിയൊരു മന്ത്രിസ്ഥാനം ലഭിക്കില്ല. ജലീലിനെതിരെയുള്ള ലോകായുക്ത റിപ്പോർട്ട് ശരിയാണെന്ന് ജലീൽ തന്നെ ഈ ജല്പനങ്ങളിലൂടെ തെളിയിച്ചു. പിണറായി വിജയനും മന്ത്രി ബിന്ദുവിനും എതിരെയുള്ള ലോകായുക്ത വിധികൾ വരാനിരിക്കെ ആ ഭരണഘടനാ സ്ഥാപനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിനു സർക്കാർ മുൻകൈയെടുക്കുമ്പോൾ ഒപ്പം നിന്നില്ലെങ്കിൽ തന്റെ കേസ് അവഗണിക്കുമോ എന്ന ഭയം ജലീലിനുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.