ddd

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ കർശന പൊലീസ് പരിശോധന നടത്തിയില്ലെങ്കിലും രണ്ടാമത്തെ ഞായറാഴ്ച നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് ജനം. കെ.എസ്.ആർ.ടി.സി നഗരാതിർത്തി പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ നടത്തി. തമ്പാനൂരിൽ നിന്ന് ദീർഘദൂര സർവീസുകളുമുണ്ടായിരുന്നു.

ശനിയാഴ്ച അർദ്ധരാത്രി മുതൽ തന്നെ പൊലീസ് നഗരത്തിലും നഗരാതിർത്തികളിലും പരിശോധന തുടങ്ങി. വെട്ടുറോഡ്, മരുതൂർ, വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, ചപ്പാത്ത് പാലം എന്നിവിടങ്ങളിൽ ബാരിക്കേഡ് നിരത്തിയാണ് വാഹന പരിശോധന നടത്തിയത്. തിരിച്ചറിയൽ രേഖ പരശോധിച്ചും അത്യാവശ്യയാത്ര ആണോയെന്ന് ചോദിച്ചറിഞ്ഞും യാത്ര ചെയ്യാൻ അനുവദിച്ചു.

മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങൾ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും ആവശ്യവിഭാഗത്തിൽപ്പെട്ടതുമായ കേന്ദ്ര - സംസ്ഥാന - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ,​ പഴം പച്ചക്കറി,​ പാൽ,​ മത്സ്യം മാംസം എന്നിവ വിൽക്കുന്ന കടകളും പലവ്യഞ്ജനക്കടകളും രാത്രി 9വരെ പ്രവർത്തിച്ചു.

ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയും നടന്നു. ഹൈവേ പൊലീസ്, ബൈപ്പാസ് ബീക്കൺസ്, കൺട്രോൾ റൂം വാഹനങ്ങൾ, പിങ്ക് പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണറും റൂറൽ പരിധിയിൽ റൂറൽ എസ്.പിയും പരിശോധനയ്‌ക്ക് നേതൃത്വം നൽകി. ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് നിയന്ത്രണങ്ങൾ ഇന്നും തുടരും.

ഇന്നലത്തെ കേസുകൾ

നിയന്ത്രണങ്ങൾ ലംഘിച്ചതിന് 56 കേസുകൾ ഇന്നലെ ജില്ലയിൽ രജിസ്റ്റർ ചെയ്‌തു.

28 പേരെ അറസ്റ്റുചെയ്യുകയും 19 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.