
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ ഏർപ്പെടുത്തിയ ലോക് ഡൗൺ സമാന നിയന്ത്രണം പൂർണം. കഴിഞ്ഞ ഞായറാഴ്ചയിലേതുപോലെ അത്യാവശ്യ സർവീസുകളൊഴികെ നിരത്തിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നുള്ളൂ.
രോഗ വ്യാപനമേറിയ ജില്ലകളിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങിയവർ പിടിയിലായി. അതിർത്തികളിലെ പരിശോധനയും കർശനമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സെക്ടറൽ മജിസ്ട്രേറ്റുമാരും പരിശോധനകളിൽ പങ്കെടുത്തു.
അതേസമയം, കൊവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ്, താലൂക്ക് ഓഫീസുകൾ ഇന്നലെ പ്രവർത്തിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 384 പേർക്കെതിരെ പൊലീസ് കേസെടുത്തു. 195 പേരെ അറസ്റ്റ് ചെയ്തു. 110 വാഹനങ്ങളും പിടികൂടി. മാസ്ക് ധരിക്കാത്തതിന് 4384 പേർ പിടിയിലായി. ക്വാറന്റൈൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.