
തിരുവനന്തപുരം: വരുമാനക്കുറവുള്ള ക്ഷീര സഹകരണ സംഘങ്ങൾക്ക് കരുതലൊരുക്കാൻ 'ഉണർവ് പദ്ധതി"യിലൂടെ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രണ്ട് കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 978 സഹകരണ സംഘങ്ങളിൽ 413 എണ്ണത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മേഖലാ യൂണിയനിലെ പ്രതിദിന പാൽ സംഭരണം കഴിഞ്ഞ വർഷത്തേതിൽ നിന്ന് 75,000 ലിറ്റർ വർദ്ധിച്ചിരുന്നു. എന്നാൽ പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങളിൽ പകുതിയും ദിവസേന 200 ലിറ്ററിൽ താഴെ മാത്രമേ സംഭരിക്കുന്നുള്ളൂ. ഇത്തരത്തിൽ ശമ്പളം നൽകാനും പ്രതിദിന ചെലവുകൾക്കും ബുദ്ധിമുട്ടുന്ന സംഘങ്ങളെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവയ്‌ക്ക് ചെറിയ സഹായം നൽകിയ ശേഷം പാൽ സംഭരണവും വില്പനയും കൂട്ടും.
പദ്ധതികൾ മൂന്ന്
1. ശമ്പളം നൽകാൻ കഴിയാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് പ്രതിമാസം 1600 രൂപ വീതം കണക്കാക്കി ഒരു വർഷത്തെ തുക നൽകുന്ന മാനേജീരിയൽ അലവൻസ്.
2. പ്രവർത്തന മൂലധനമായി 40,000 രൂപ നൽകും
3. മിൽമയുടെ ഐസ്ക്രീമടക്കമുള്ള ഉത്പന്നങ്ങൾ വിറ്റ് ലാഭം നേടാൻ തയ്യാറുള്ള സംഘങ്ങൾക്ക് സ്റ്റാൾ നിർമ്മിച്ചു നൽകും. ഒപ്പം ഫ്രീസർ യൂണിറ്രടക്കം സൗജന്യമായി നൽകും.
കമ്മിഷൻ രണ്ട് രൂപ വരെ
മിൽമയ്‌ക്ക് നൽകുന്ന ഒരോ ലിറ്റർ പാലിനുമുള്ള കമ്മിഷൻ- 1.60 മുതൽ രണ്ട് രൂപ വരെ
200 ലിറ്രർ പാൽ അളക്കുന്ന സംഘത്തിന് ഒരുമാസം ലഭിക്കുന്നത്- 12000രൂപ
ഓരോ സംഘത്തിലും സെക്രട്ടറിയടക്കം മൂന്നു ജീവനക്കാർ വരെ
'ജീവനക്കാരെ സംരക്ഷിക്കുന്നതിനൊപ്പം സംഘങ്ങളെ ഉയർത്തിക്കൊണ്ടുവരാനാണ് പദ്ധതി തയ്യാറാക്കിയത്. 25 വീതം സംഘം സെക്രട്ടറിമാരുടെ 16 യോഗങ്ങൾ ചേർന്നാണ് പദ്ധതിക്ക് രൂപരേഖയുണ്ടാക്കിയത്".
- എൻ. ഭാസുരാംഗൻ, അഡ്മിനിസ്ടേറ്രീവ് കമ്മിറ്റി കൺവീനർ മിൽമ തിരുവനന്തപുരം മേഖല
മിൽമ കാലിത്തീറ്റ വിലക്കിഴിവ് ഫെബ്രുവരി വരെ
തിരുവനന്തപുരം: ക്ഷീരകർഷകർക്കുള്ള പുതുവത്സര സമ്മാനമായി മിൽമ കാലിത്തീറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്കിഴിവ് ഫെബ്രുവരി 28 വരെ നീട്ടി. കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ സഹായിക്കുന്നതിനാണ് മിൽമ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 25 രൂപയും മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 70 രൂപയും ഡിസംബർ മുതൽ വിലക്കിഴിവിൽ നൽകിവരുന്നത്. മിൽമ കാലിത്തീറ്റയ്ക്ക് അനുവദിച്ചിട്ടുള്ള അധിക വിലക്കിഴിവ് ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.