കൊവിഡ് സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല.അതിൽ നിന്ന് കരകയറാൻ ഒരു കൈത്താങ്ങാണ് കേന്ദ്രബഡ്ജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് . രണ്ടുതരത്തിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.ഒന്ന് ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിട്ടുള്ളള സാമ്പത്തിക സഹായം.രണ്ട് പദ്ധതിസഹായം.
നേരിട്ടുള്ള സാമ്പത്തിക സഹായം ചോദിക്കുന്നത് അനർഹമായ ആനുകൂല്യങ്ങളോഒൗദാര്യമോ അല്ല. ഉദാഹരണത്തിന് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന കേന്ദ്രവരുമാനങ്ങളാണ് ഡിവിസീവ് പൂൾ.ഇതിന്റെ മാനദണ്ഡങ്ങൾ ധനകാര്യകമ്മിഷൻ കാലാകാലങ്ങളിൽ മാറ്റും.ഒാരോ മാറ്റത്തിലും നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടുള്ള സാമൂഹ്യസാമ്പത്തിക വികസനമാണതിന് കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വികസിക്കാതിരിക്കുകയും ജനപ്പെരുപ്പം കൂടുകയും ചെയ്യുകയും, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ജനസംഖ്യാനിയന്ത്രണം കർശനമായി പാലിക്കുകയും അടിസ്ഥാന സൗകര്യ,സാമൂഹ്യ,ആരോഗ്യമേഖലകളിൽ സ്തുത്യർഹമായ വികസനങ്ങൾ കൈവരിക്കുകയും ചെയ്യുമ്പോൾ സമതുലിത വികസന വാദമുയർത്തി കേരളത്തിന് ഡിവിസീവ് പൂളിൽ സഹായം കുറയ്ക്കുന്ന സമീപനമാണുള്ളത്. ഇതുമൂലമുണ്ടായ 6400കോടിരൂപയുടെ വരുമാനഇടിവ് മറ്റ് വിധങ്ങളിൽ നികത്തിത്തരുമെന്നാണ് കേന്ദ്രബഡ്ജറ്റിൽ സംസ്ഥാനത്തിന്റെ പ്രതീക്ഷ.ഇതിന് പുറമെ ഡീസൽ,പെട്രോൾ ഉത്പന്നങ്ങളിൽ നികുതിക്ക് പുറമെ ചുമത്തുന്ന സർചാർജ്ജ്,സെസ് എന്നിവ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാറില്ല. അതിനൊരുനീക്കുപോക്ക് കേന്ദ്രബഡ്ജിറ്റുലുണ്ടാകണം.
നേരിട്ടുള്ള സഹായത്തിൽ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യമാണ് ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടുന്നത്.
പദ്ധതി സഹായങ്ങളിൽ പ്രധാനമായും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് കൊവിഡ് കാലത്തിൽ ജനജീവിതം മെച്ചപ്പെടുത്താനുള്ള സഹായപദ്ധതികളും ആരോഗ്യപദ്ധതികളുമാണ്. കെ.റെയിൽ,വായ്പാപരിധി ഉയർത്തൽ,എയിംസ്,വ്യവസായ നിക്ഷേപസഹായങ്ങൾ എന്നിവയും കേരളത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ .