കൊവിഡ് സാഹചര്യത്തിൽ നിന്ന് കരകയറുന്ന രാജ്യത്തിന് സാമ്പത്തിക ഉണർവേകുന്നതാകും പുതിയ കേന്ദ്രബഡ്ജറ്റ്.സമൂഹത്തിന്റെ എല്ലാമേഖലയിലും എന്തെങ്കിലും തരത്തിലുള്ള വരുമാനസാദ്ധ്യത തുറക്കേണ്ടിവരും. അല്ലെങ്കിൽ രാജ്യത്തിനും ജനങ്ങൾക്കും ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് അതിജീവനം പ്രയാസമായിരിക്കും. പുതിയ ബഡ്ജറ്റ് അതിൽ കൂടുതൽ ശ്രദ്ധനൽകുമെന്നാണ് പ്രതീക്ഷ.
ഇത് കൂടാതെ നികുതി സംവിധാനം വിപുലമാക്കാനുള്ള നടപടികൾക്കും സാദ്ധ്യതയുണ്ട്. നികുതിയിളവുകൾ കൂടുതൽ പ്രഖ്യാപിച്ച് ആദായനികുതിയുടെ പരിധിയിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചേക്കും.
കേരളത്തിന്റെ കാര്യമെടുത്താൽ സംസ്ഥാനത്തിന് പ്രത്യേകമായി എന്തെങ്കിലും ലഭിക്കാനുള്ള സാദ്ധ്യത വിരളമാണ്. കേന്ദ്രം ഒരു സംസ്ഥാനത്തെ മാത്രമല്ല മുന്നിൽ കാണുന്നത്. രാജ്യത്തിന് പാെതുവായ സമീപനങ്ങളും മാനദണ്ഡങ്ങളുമാണ് സ്വീകരിക്കുക. കേരളം ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന കെ.റെയിൽ പദ്ധതിക്ക് കേന്ദ്രബഡ്ജറ്റിൽ ഇടം ലഭിക്കുമെന്ന് തോന്നുന്നില്ല. സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഒരു പ്രദേശത്തിന് മാത്രം ഗുണം ചെയ്യുന്ന ഇത്തരം പദ്ധതികൾക്ക് പണം വിനിയോഗിക്കുന്നതിന് മുമ്പ് അവർ കൂടുതൽ ആലോചിക്കും. അതേ സമയം കേരളത്തിന്റെ പ്രധാനആവശ്യങ്ങളിലൊന്നായ പ്രവാസികൾക്കുള്ള പാക്കേജ്, പുനരധിവാസം,നിക്ഷേപസഹായങ്ങൾ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാനുള്ള സാദ്ധ്യതകൂടുതലാണ്. അതുപോലെ തന്നെയാണ് സ്റ്റാർട്ടപ്പുകൾ, സംരംഭകരെ സഹായിക്കാനുള്ള പാക്കേജുകൾ, പലിശയിളവുകൾ,നികുതിയിളവുകൾ, നിക്ഷേപാനുകൂല സാഹചര്യമുണ്ടാക്കാനുള്ള മറ്റ് പദ്ധതികൾ എന്നിവ കേരളത്തിന് പ്രയോജനം ചെയ്യും.