കേന്ദ്ര ബഡ്ജറ്റിൽ ഉൗന്നൽ വേണ്ട പത്തു മേഖലകളെക്കുറിച്ച് പ്രമുഖ സാമ്പത്തികവിദഗ്ദ്ധ ഡോ. മേരി ജോർജ് എഴുതുന്നു
(1) ആരോഗ്യ മേഖലയ്ക്ക് വേണം വാക്സിൻ
2005-ലെ 'തൊഴിലുറപ്പു നിയമം", 2013-ലെ 'ഭക്ഷ്യ സുരക്ഷ നിയമം" ഇവ പോലെ അടിയന്തരമായും ഒരു 'ആരോഗ്യ സുരക്ഷ" നിയമം ഭരണഘടനാടിസ്ഥാനത്തിൽ നടപ്പാക്കണം. 2017- ലെ 'ദേശീയ ആരോഗ്യ നയം" അനുശാസിച്ചിരുന്നത് 2020 ആവുമ്പോഴേക്ക് സംസ്ഥാനങ്ങൾ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജി.എസ്.ഡി.പി) 8% ഉം 2022 ആവുമ്പോഴേക്ക് കേന്ദ്രം ജി.ഡി.പിയുടെ 2.5%വും ആരോഗ്യമേഖലയ്ക്കുവേണ്ടി നീക്കിവയ്ക്കണമെന്നായിരുന്നു. എന്നാൽ അത് വെറും ജലരേഖയായി. 2020ന്റെ അവസാന പാദം മുതൽ രാജ്യം കൊവിഡ് മഹാമാരിയുടെ പിടിയിലായെങ്കിലും 2020 - 21, 2021 - 22 ബഡ്ജറ്റുകളിലൊക്കെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ശതമാനത്തിൽ താഴെയാണ് മാറ്റിവച്ചത്.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ് വടക്കേ ഇന്ത്യയിൽ കൊവിഡ് മൂലം കണക്കിൽപ്പെടാത്ത ഒരുപാടു മരണങ്ങൾ ഉണ്ടായതും ശവശരീരങ്ങൾ നദിയിൽ ഒഴുക്കിവിടുന്ന അവസ്ഥ സംജാതമായതും. 2019 - 20ലെ ആരോഗ്യ സൂചകം (ആരോഗ്യ മന്ത്രാലയം, നീതി ആയോഗ്, ലോകബാങ്ക് എന്നിവർ ചേർന്ന് തയ്യാറാക്കിയത്) പരിശോധിച്ചാൽ ഈ യാഥാർത്ഥ്യം മനസിലാവും.
ആരോഗ്യമേഖലയെ അലട്ടുന്ന മറ്റൊന്ന് നികുതി ഭീകരതയാണ്. കൊവിഡ് മരുന്നുകൾ പലതിനും നികുതിയിളവ് നൽകേണ്ടിവന്നിരുന്നു. പാവപ്പെട്ടവർ വൈദ്യസഹായത്തിനുവേണ്ടി വരുന്ന ചെലവുകളുടെ 70 ശതമാനവും പോക്കറ്റിൽ നിന്ന് കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ആരോഗ്യമേഖലയിലെ നികുതി നിരക്കുകൾ ജി.എസ്.ടിയുടെ താഴ്ന്ന നിരക്കിൽ നിജപ്പെടുത്തണം.
(2) അസമത്വത്തിന് കടിഞ്ഞാണിടണം
വരുമാനത്തിന്റെ പുനർ വിതരണത്തിലൂടെ വർദ്ധിച്ചുവരുന്ന അസമത്വത്തിന് കടിഞ്ഞാണിടണം. എല്ലാ പഠന റിപ്പോർട്ടുകളും ഈ ദുരന്തത്തിലേക്ക് വിരൽചൂണ്ടുന്നു. അടുത്തിടെ പുറത്തുവന്ന പീപ്പിൾസ് റിസർച്ച് ഓൺ ദ ഇന്റ്യാസ് കൺസ്യൂമർ ഇക്കോണമി 2022 - ഉയർത്തിക്കാട്ടുന്നത് 2016 - 2022 കാലഘട്ട താരതമ്യമാണ്. ഈ കാലയളവിൽ ദാരിദ്ര്യത്തിന്റെ താഴെത്തട്ടിലുള്ള 20 ശതമാനം ജനത്തിന്റെ വരുമാനത്തിൽ 52.6 % വീഴ്ചയുണ്ടായി. താഴ്ന്ന മദ്ധ്യശ്രേണിക്കാരായ 20 ശതമാനത്തിന്റെ വരുമാനത്തിൽ 32.4 % കുറവുണ്ടായി. അതേസമയം ഏറ്റവും മേൽത്തട്ടിലെ 20 ശതമാനത്തിന്റെ വരുമാനത്തിൽ 39 % വർദ്ധനയുണ്ടായി. ഈ വരുന്ന ബഡ്ജറ്റിൽ ഈ വളരുന്ന വിടവു നികത്താൻ ഉചിതമായ നികുതി, നികുതിയേതര നടപടികളുണ്ടാവണം.
(3)തൊഴിലുറപ്പ് കാര്യക്ഷമമാക്കണം
തൊഴിലുറപ്പു പദ്ധതിയാണ് പട്ടിണി മരണങ്ങളുടെ തോത് ദുരന്തകാലത്ത് കുറച്ചത്. എന്നാൽ പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ചതുപോലെ 100 ദിവസം എന്നത് 200 ദിവസമാക്കി വർദ്ധിപ്പിക്കണം. നഗരങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണം. കൂലി 202 രൂപയെന്നത് 250 രൂപയാക്കി വർദ്ധിപ്പിക്കണം. പണക്കാരുടെ പറമ്പ് ഒരുക്കലല്ല ആസ്തികൾ സൃഷ്ടിക്കാനാണ് (റോഡു നിർമ്മാണം, ജലാശയങ്ങളുടെ ശുദ്ധീകരണം, ആനയും കാട്ടുമൃഗങ്ങളും നാട്ടിലേക്ക് കടന്നുവരാതിരിക്കാൻ ട്രഞ്ച് നിർമ്മാണം, മുള വച്ചുപിടിപ്പിക്കൽ) തൊഴിലുറപ്പ് പദ്ധതി വിനിയോഗിക്കേണ്ടത്. മറ്റൊന്ന് തൊഴിലുറപ്പിന്റെ വേതനം പോയവർഷം മൂന്ന് തരമായി തിരിച്ചു . പട്ടികവർഗം, പട്ടികജാതി, മറ്റുള്ളവർ എന്നിങ്ങനെ. തൊഴിൽ ചെയ്തിട്ടും ഫണ്ടു തീർന്നുപോയെന്ന കാരണം പറഞ്ഞ് പട്ടികജാതിക്കാർക്ക് കൂലിക്കായി ഏറെ നാൾ കാത്തിരിക്കേണ്ടിവന്നു. ആർക്കുവേണ്ടിയാണോ തൊഴിലുറപ്പ് പദ്ധതി മുഖ്യമായും കൊണ്ടുവന്നത് അവരെ പാർശ്വവൽക്കരിക്കാൻ ഇടവരാത്ത വിധം നടപടികൾ തിരുത്തുക.
(4) വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പണം
വിദ്യാഭ്യാസ മേഖലയ്ക്കായി ജി.ഡി.പിയുടെ 4 മുതൽ 5ശതമാനം വരെ മാറ്റിവയ്ക്കണം. ആത്മനിർഭർ ഭാരത് വായ്ത്താരി കൊണ്ടു നേടാവുന്നതല്ല. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വേണ്ടത്ര നിക്ഷേപിച്ചു മാത്രം നേടാവുന്നതാണ്. 1986-ൽ തന്നെ കോത്താരി കമ്മിഷൻ ഇത് അനുശാസിച്ചിട്ടുണ്ട്. യുനെസ്കോ ഇന്ത്യയുടെ വിദ്യാഭ്യാസ ചെലവ് 2014 - 19 കാലഘട്ടം വരെ വിലയിരുത്തി നടത്തിയ പഠനത്തിൽ ജി.ഡി.പിയുടെ വെറും 2.8 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്നതെന്നു കണ്ടെത്തി. 2020 - 21ലെ ഇക്കണോമിക് സർവേ റിപ്പോർട്ടും ഈ കണ്ടെത്തൽ അടിവരയിടുന്നു.
(5) വിലക്കയറ്റം നിയന്ത്രിക്കണം
ദരിദ്രരെയും തൊഴിൽരഹിതരെയും പട്ടിണിമരണത്തിലേക്കും കൂട്ട ആത്മഹത്യയിലേക്കും തള്ളിവിടുന്നതിന്റെ കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. മൊത്ത വിലസൂചിക അപ്രതീക്ഷിത രീതിയിൽ നവംബർ 2021-ൽ 14.32 ശതമാനത്തിലെത്തി. ഉപഭോക്തൃ വില നിലവാരം നാല് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ തളച്ചിടാൻ മോണിട്ടറി പോളിസി കമ്മിറ്റി ആഞ്ഞു ശ്രമിക്കുമ്പോഴും അത് 5.03 ശതമാനത്തിൽ എത്തി. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഈ സൂചികയെ മറികടന്ന് നൂറും നൂറ്റമ്പതും ശതമാനം ഉയർന്നത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ബാക്കിപത്രമാണ് ലോകരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന പോഷകാഹാര ദാരിദ്ര്യമുള്ള കുഞ്ഞുങ്ങളുടെ നാടായി ഇന്ത്യ മാറിയത്. അതുകൊണ്ട് ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച് നിത്യോപയോഗ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഒരു പോഷക കിറ്റുതന്നെ അടിത്തട്ടിലെ 40 ശതമാനം പേർക്ക് ലഭ്യമാക്കുന്ന തീരുമാനമുണ്ടാവണം.
(6) നികുതി സ്ളാബുകൾ ചുരുക്കണം
ചരക്കുസേവന നികുതി നിരക്കുകൾ യുക്തിസഹമാക്കണം, നികുതി വെട്ടിപ്പ് വ്യാപകമാണ്. ഇ - വേ ബിൽ സംവിധാനം കുറ്റമറ്റതാക്കുക, 'ഒരിന്ത്യ ഒരു നികുതി" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കണം. ആരുടെ ക്ഷേമം മുൻനിറുത്തിയാണ് സ്വർണത്തിന്റെ ജി.എസ്.ടി മൂന്ന് ശതമാനം നിജപ്പെടുത്തിയിരിക്കുന്നത്.? എന്തുകൊണ്ടാണ് 1000 രൂപയ്ക്കുമേൽ വിലയുള്ള പാദുകങ്ങളും വസ്ത്രങ്ങളും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക് മാറ്റിയത്? ആഗോള ജി.എസ്.ടി രീതിയിൽ നികുതി സ്ളാബുകൾ രണ്ടിലേക്ക് ചുരുക്കണം.
(7) ജി.എസ്.ടി കോമ്പൻസേഷൻ
ജൂൺ 2022ൽ തീരുകയാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജി.എസ്.ടി കോമ്പൻസേഷൻ. 2020 - 21 മുതൽ കൊവിഡ് മഹാമാരിയായിരുന്നതു കണക്കിലെടുത്ത് തുടർന്നും രണ്ടുവർഷത്തേക്ക് കോമ്പൻസേഷൻ സംസ്ഥാനങ്ങൾ അർഹിക്കുന്നു.
(8) വെള്ളാനകളെ ഒഴിവാക്കണം
കേന്ദ്രത്തിന്റെ ജി.എസ്.ടി വരുമാനം ഭേദപ്പെട്ട രീതിയിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും കൊവിഡ് സൃഷ്ടിച്ച അടിയന്തര സ്ഥിതി മൂലം ധനക്കമ്മി ആറ് ശതമാനത്തിൽ നിജപ്പെടുത്തിയിരുന്നെങ്കിലും അത് ജി.ഡി.പിയുടെ 9 ശതമാനമായി വളർന്നിരിക്കുന്നു(2021 - 22). തന്മൂലം മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുള്ള വിഭവ സമാഹരണത്തിന് ആക്കം കൂട്ടാനായി നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈനു (NMP )മായി മുന്നോട്ടുപോകാവുന്നതാണ്. ഗവൺമെന്റിന്റെ സാന്നിദ്ധ്യമോ നേരിട്ടു നടത്തിപ്പോ ആവശ്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ നികുതിപ്പണം കൊടുത്ത് വെള്ളാനകളായി പരിപോഷിപ്പിക്കാതെ വിറ്റ് ഒഴിവാക്കാം.
(9) ഓൺലൈൻ വിദ്യാഭ്യാസം
നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ (NIP) വഴിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ കൂടി ഉൾപ്പെടുത്തണം. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തവർക്ക് അതെത്തിച്ചുകൊടുക്കാൻ ഇതത്യാവശ്യമാണ്.
(10) മറക്കരുത് ചെറുകിട മേഖലയെ
ധനകാര്യ ഏകീകരണത്തോടൊപ്പം ധനക്കമ്മി ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും ശ്രദ്ധ വേണം. കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ പ്രഖ്യാപിക്കുമ്പോൾ നാമമാത്ര, ചെറുകിട, ഇടത്തരം മേഖലകളിൽ ബാങ്കു വായ്പയോ മുദ്രാ വായ്പയോ ലഭിക്കാതിരിക്കുന്ന 94 മുതൽ 96 ശതമാനം വരെ തൊഴിൽ സൃഷ്ടിക്കുന്ന മേഖലയെ ഓർക്കണം. കിട്ടാക്കടം 6.9 ശതമാനത്തിൽ നിന്ന് 9 ശതമാനത്തിലേക്കുയരുന്നു എന്ന് റിസർവ് ബാങ്ക് അടുത്തിടെ ചൂണ്ടിക്കാണിച്ചത് നാമമാത്ര, ചെറുകിട ഇടത്തരക്കാർ മൂലമല്ല, വൻകിട കോർപ്പറേറ്റുകൾ മൂലമാണ്.