കേന്ദ്ര ബഡ്ജറ്റിൽ കാർഷികമേഖലയ്ക് വർദ്ധിച്ച പരിഗണന ലഭിക്കാനിടയുണ്ട്. 2022 ഓടെ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്ന് 2015- 2016 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുക അത്ര എളുപ്പമല്ലെന്ന് ദേശീയ സാമ്പിൾ സർവ്വേ കണക്കുകൾ വ്യക്തമാക്കുന്നു. ഒരുവർഷം നീണ്ടു നിന്ന കാർഷിക നിയമങ്ങൾക്കെതിരായുള്ള സമരങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന ഭീതിയും നിലനിൽക്കുന്നു.
പുതിയ ബഡ്ജറ്റിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12 ശതമാനം മാത്രം വരുന്ന കാർഷിക മേഖലയിൽ കയറ്റുമതി ഉയർത്തി ഇറക്കുമതി കുറയ്ക്കാനുതകുന്ന പദ്ധതികൾ പ്രതീക്ഷിക്കാം. മൂല്യവർദ്ധിത ഉദ്പന്ന നിർമ്മാണം ലക്ഷ്യമിട്ട് ഭക്ഷ്യ സംസ്കരണ മേഖലയിൽ കൂടുതൽ തുക വകയിരുത്തും. കാർഷികോത്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്നും എത്തനോൾ ഉദ്പാദിപ്പിക്കുന്ന പദ്ധതിയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്താൻ സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രി കിസാൻ നിധി ഫണ്ട് തുടർന്നും നൽകും. കൂടുതൽ കർഷകർക്കും സംരംഭകർക്കും ഇണങ്ങിയ വായ്പാ പദ്ധതികൾ, കാർഷിക, മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ടുകൾ, രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷൻ, കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യം, ക്ഷീരവികസന, കോഴിവളർത്തൽ പദ്ധതികൾ , വനിതകൾക്കുള്ള പ്രത്യേക കാർഷിക സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ബഡ്ജറ്റിൽ പ്രതീക്ഷിക്കാം. കർഷകരുടെ വരുമാനം, ദാരിദ്ര്യ നിർമാർജനം എന്നിവ ലക്ഷ്യമിട്ട പദ്ധതികളോടൊപ്പം വിളകൾക്ക് ഉയർന്ന താങ്ങു വിലയും പ്രതീക്ഷിക്കാം.
(ലേഖകൻ ബംഗളൂരുവിലെ ട്രാൻസ്ഡിസ്സിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ്)