thiruvananthapuram-medica

ആർ.എം.ഒയ്ക്ക് പകരം ചുമതല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ടിനെ തത്‌സ്ഥാനത്തു നിന്ന് നീക്കി. പകരം ആർ.എം.ഒ ഡോ.മോഹൻറോയിക്ക് ചുമതല നൽകി. അസ്ഥിരോഗ വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ കൂടിയായ ഡോ. സന്തോഷ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് കാഷ്വാലിറ്റി സന്ദർശിച്ചപ്പോൾ സന്തോഷ് കുമാർ ഉണ്ടായിരുന്നില്ല. ഇതാണ് നടപടിക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. സന്തോഷ് കുമാർ കഴിഞ്ഞ അഞ്ച് വർഷമായി രോഗികളെ പരിശോധിക്കാറില്ലെന്നായിരുന്നു വിവരം. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയെങ്കിലും നടപടി എടുത്തില്ല. ആറ് മാസം മുമ്പ് അത്യാഹിത വിഭാഗത്തിലേക്ക് ചുമതല ചോദിച്ച് വാങ്ങി. എന്നാൽ രോഗികളെ പരിശോധിക്കാൻ തയ്യാറായിരുന്നില്ല.

ആരോപണത്തിൽ കഴമ്പില്ലെന്ന് സന്തോഷ്‌കുമാർ

നാലാഴ്ച മുമ്പ് ഒരു മെമ്മോ കിട്ടിയിരുന്നു. അതിൽ മന്ത്രി വന്നപ്പോൾ ഞാൻ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. അന്നെനിക്ക് ഡ്യൂട്ടി ഇല്ലായിരുന്നിട്ടും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ ഉൾപ്പെടെയുള്ള തെളിവു വച്ച് മറുപടിയും നൽകി. കഴിഞ്ഞ ദിവസം ഒരു ഡോക്ടറും ബൈസ്റ്റാൻഡറും തമ്മിലുള്ള വിഷയത്തിൽ എൻക്വയറി നടത്തി ഡോക്ടറുടെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞ് ഞാൻ റിപ്പോർട്ട് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇൗ നടപടി. മുൻ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും തമ്മിലുള്ള പടലപിണക്കത്തിന്റെ ഇരയാവുകയാണോയെന്ന് സംശയിക്കുകയാണ് ഞാൻ.-ഡോ. സന്തോഷ്‌കുമാർ പറഞ്ഞു.