
തിരുവനന്തപുരം: വൈദ്യുതി നിരക്ക് നിലവിലുള്ളതിന്റെ 10.72 ശതമാനം കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ഇതുൾപ്പെടുത്തി 2027 വരെയുള്ള വരവു ചെലവ് കണക്കും പ്രതീക്ഷിക്കുന്ന നഷ്ടവും ചേർത്ത് സംസ്ഥാന റെഗുലേറ്ററി കമ്മിഷന് ഇന്ന് താരിഫ് പെറ്റീഷൻ സമർപ്പിക്കും.
നിലവിലെ 8919 കോടിയുടെ സഞ്ചിത നഷ്ടത്തിൽ 2027 ആകുമ്പേഴേക്കും 5135,77കോടി കൂടി ചേരുന്ന സാഹചര്യത്തിലാണ് ഇതൊഴിവാക്കാൻ ഇത്രയും നിരക്ക് വർദ്ധന കെ.എസ്.ഇ.ബി. ആവശ്യപ്പെടുന്നത്. ഇതംഗീകരിച്ചാൽ പ്രതിമാസ ഉപഭോഗം 250 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.15 രൂപയിൽ നിന്ന് 3.50രൂപയായും, കൂടിയത് 7.60 രൂപയിൽ നിന്ന് 8.40രൂപയായും വർദ്ധിക്കും. ഇൗ വിഭാഗത്തിലെ ശരാശരി വൈദ്യുതി നിരക്ക് നിലവിൽ 5.13 രൂപയാണ്. ഇത് 5.68രൂപയാക്കണമെന്നാണ് ആവശ്യം. ഗാർഹിക ഉപഭോക്താക്കളിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന നോൺ ടെലിസ്കോപിക് വിഭാഗത്തിന് കുറഞ്ഞ നിരക്ക് 5.8 0രൂപയിൽ നിന്ന് 6.40 രൂപയായും, കൂടിയത് 7.90 രൂപയിൽ നിന്ന് 8.70 രൂപയായും, ഇൗ വിഭാഗത്തിലെ ശരാശരി യൂണിറ്റ് വില 6.86രൂപയിൽ നിന്ന് 7.56രൂപയായും കൂട്ടാനാണ് ശുപാർശ.
വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനയ്ക്കനുസരിച്ച് ഉത്പാദനം കൂടാത്തതും, പുറമെ നിന്ന് കൂടുതൽ വാങ്ങേണ്ടി വരുന്നതുമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി കെ.എസ്.ഇ.ബി പറയുന്നത്. അടുത്ത അഞ്ച് വർഷം വൈദ്യുതി മേഖലയുടെ സമഗ്രവികസനത്തിനായി മൊത്തം 28419.98 കോടി ചെലവഴിക്കുമെന്നും കെ.എസ്.ഇ.ബി.പറയുന്നു.എന്നാൽ, ആഭ്യന്തര ഉത്പാദന സാദ്ധ്യതകൾ വിനിയോഗിച്ചും, വൈദ്യുതിയുടെ വാങ്ങൽതോത് കുറച്ചും പ്രവർത്തന നഷ്ടം നിയന്ത്രിച്ചും താരിഫ് വർദ്ധന പരമാവധി കുറയ്ക്കാനാണ് വൈദ്യുതിമന്ത്രിയുടെയും സർക്കാരിന്റെയും താത്പര്യമെന്നാണ് അറിയുന്നത്. 2019 ജൂലായ് എട്ടിനാണ് ഇതിനുമുമ്പ് നിരക്ക് കൂട്ടിയത്. അന്ന് 7.52ശതമാനമാണ് വർദ്ധിപ്പിച്ചത്. നിലവിലെ താരിഫിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും.
ഗാർഹിക നിരക്ക്
വർദ്ധന ശുപാർശ
(യൂണിറ്റ് സ്ളാബ്, പഴയ നിരക്ക്, പുതിയ നിരക്ക് )
₹ടെലസ്കോപ്പിക്
( പ്രതിമാസം 250 യൂണിറ്റുവരെ )
0-50 - 3.15 -3.50
51-100-3.70. -4.10
101-150 -4.80. -5.30.
151-200 - 6.40.- 7.10
201-250 - 7.60.- 8.40
₹നോൺ ടെലസ്കോപിക്
(250 യൂണിറ്റിനു മുകളിൽ )
0-300 -5.80-6.40.
0-350 - 6.60.- 7.30.
0-400 -6.90.- 7.60
0-500 7.10 . -7.80.
500ന് മുകളിൽ 7.90.-8.70
..............................................
₹ 6864 കോടി:
2017-18 സഞ്ചിതനഷ്ടം
............................................
#വരവ് ചെലവ് അന്തരം
2018-19: ₹760 കോടി
2019-20: ₹553കോടി
2020-21: ₹742കോടി
...........................................
#ആകെ ബാധ്യത:
₹ 8719 കോടി