
തിരുവനന്തപുരം: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മികച്ച നേട്ടമുണ്ടാക്കി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി).നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒൻപതു മാസം നികുതിക്കു ശേഷം 35.61 കോടിയുടെ ലാഭമുണ്ടാക്കാൻ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്ക്യം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭം 21.91 കോടിയായിരുന്നു. 62 ശതമാനം വർദ്ധന . വായ്പ അനുവദിക്കൽ, പിരിച്ചെടുക്കൽ, പ്രവർത്തന ലാഭം തുടങ്ങിയവയെല്ലാം മുൻവർഷത്തെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്. 2020-21ലെ ആദ്യ 9 മാസങ്ങളിൽ 154.57 കോടിയായായിരുന്ന വായ്പ ഇത്തവണ 213.10 കോടിയായി . വായ്പ പിരിച്ചെടുക്കൽ 54.89 കോടിയിൽ നിന്ന് 94.39 കോടിയായും പ്രവർത്തന ലാഭം 27.31 കോടിയിൽ നിന്ന് 43.01 കോടിയായും ഉയർന്നിട്ടുണ്ട്. 159.67 കോടി ഒൻപതു മാസം കൊണ്ട് വിതരണം ചെയ്തു. 559 കോടിയുടെ നിക്ഷേപ സമാഹരണം നേടാനും 1,547 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു.
ജനുവരി 22 ന് ചേർന്ന ബോർഡ് യോഗം 185.5 കോടിയുടെ നിക്ഷേപ അടങ്കലിൽ 5 പദ്ധതികൾക്ക് അംഗീകാരം നൽകുകയും ,99.25 കോടിയുടെ വായ്പ അനുവദിക്കുകയും ചെയ്തു. 791 പേർക്ക് നേരിട്ടുള്ള ജോലി ലഭിക്കും. 500 ഓളം സംരംഭകർക്കായി 250 കോടി വിതരണം ചെ0യ്യും.. 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും 25 ലക്ഷം മുതൽ രണ്ടു കോടി വരെ ടേം ലോൺ സഹായം നൽകും. പലിശ നിരക്ക് ഏഴ് ശതമാനമായിരിക്കും.
ഒരു കോടി വരെയുള്ള വായ്പകൾക്ക് പ്രോസസ്സിംഗ്/മുൻകൂർ ഫീസ് ഈടാക്കില്ല. 18 മുതൽ 50 വരെ പ്രായമുള്ളവർക്ക് വായ്പയ്ക്ക് അർഹതയുണ്ട്. സ്ത്രീകൾ, എസ്സി, എസ്ടി, എൻആർകെ അപേക്ഷകർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ്. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. ഒരു വർഷത്തെ മൊറട്ടോറിയം.