തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തി.പരിക്ക് പറ്റിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ പി.ജി ഡോക്ടർ അനന്തകൃഷ്ണനെതിരെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തത്. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ്ചികിത്സയ്ക്കെത്തിയ രോഗിയുടെ കാലിന്റെ എക്സ്റേ എടുക്കുന്നതിനാണ് ഡോക്ടർ ആദ്യം നിർദ്ദേശിച്ചത്. ഡോക്ടർ നൽകിയ കുറിപ്പനുസരിച്ച് എക്സ്റേയുമായി എത്തിയപ്പോൾ കൈയ്ക്ക് പരിക്ക് പറ്റിയതിന് കാലിന്റെ എക്സ്റേ എന്തിനാ എടുത്തതെന്ന് ചോദിച്ച് വീണ്ടും കൈയുടെ എക്സ്റേ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെട്ടു. ഇത് രോഗി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടർ അപമര്യാദയായി പെരുമാറിയത്.പറഞ്ഞതുപോലെ ചെയ്യാൻ പറ്റില്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങി പോകണമെന്നും ഡോക്ടർ പറഞ്ഞതായാണ് രോഗിയുടെ ആരോപണം. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് കണ്ട് ഇതിനകത്ത് കയറി വീഡിയോ എടുത്താൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഡോക്ടർ ഭീഷണി മുഴക്കി.എന്നിട്ടും വീഡിയോ എടുക്കുന്നത് തുടർന്നപ്പോൾ ഡോക്ടർ മാസ്ക് മാറ്റി ഇതാണ് എന്റെ മുഖം എടുക്കെന്നുപറഞ്ഞ് അസഭ്യവർഷം നടത്തിയതായും ആരോപണമുണ്ട്.