
ഓർക്കാപ്പുറത്താണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഫോൺകാൾ വന്നത്. അവിടെ ജയിൽ ക്ഷേമദിനാഘോഷം. അന്തേവാസികൾക്ക് ഒരു കഥാപ്രസംഗം, ചെയ്തുകൊടുക്കണം.
'വയലാറിന്റെ ആയിഷ മതിയോ?"
'മതി. എത്ര രൂപ തരണം?"
'പതിനയ്യായിരം രൂപയും, ആലപ്പുഴയിൽ നിന്നുള്ള കാർ വാടകയും മതി".
'ക്ഷമിക്കണം സാർ. അതിനുളള ഫണ്ടില്ല."
'സാരമില്ല ഫണ്ട് വെട്ടിക്കുറച്ചുകൊള്ളൂ. ഞാൻ ഒറ്റയ്ക്കുവന്ന് കഥ പറയാം".
തമ്പാനൂരിൽ ബസിറങ്ങുമ്പോൾ സൂപ്രണ്ടിന്റെ ഔദ്യോഗിക വാഹനം കാത്തുകിടക്കുന്നുണ്ടായിരുന്നു. ജയിൽ കവാടത്തിൽ ചെന്നിറങ്ങിയപ്പോൾ സുശക്തമായ പൊലീസ് കാവൽ. നേരെ ചെന്നത് കാലപ്പഴക്കം ചെന്ന മൂന്നുനില ടവറിന്റെ താഴത്തെ മുറിയിൽ. സൂപ്രണ്ടുമായി സംസാരിച്ചിരിക്കെ രണ്ടു പൊലീസുകാർ വന്ന് എന്നെയും കൂട്ടി ടവറിന്റെ മൂന്നാംനിലയിലേക്ക് പോയി. അവിടെ നിന്നാൽ കുപ്രസിദ്ധമായ ആ തൂക്കുമരം കാണാം. ഒരു പൊലീസുകാരൻ ചോദിച്ചു :
'അടുത്തു ചെന്ന് കാണണോ?"
'വേണ്ട പേടിവരും. കഥപൊളിയും" പക്ഷേ ഞാൻ ഒന്നാവശ്യപ്പെട്ടു.
'എന്റെ ആശാൻ വി. സാംബശിവനെ പാർപ്പിച്ചിരുന്ന ആ മുറി എനിക്കൊന്നു കാണണം.'അവരാ മുറി വാതിൽക്കലേക്ക് എന്നെ കൊണ്ടുപോയി. കലാലോകം മുഴുവൻ അരനൂറ്റാണ്ടുകാലം രാപകൽ തളരാതെ പറന്നുനടന്ന ആ രാജഹംസത്തെ അടിയന്തരാവസ്ഥക്കാലത്ത് ഒമ്പതുമാസം അടച്ചിട്ടിരുന്ന മുറിയാണിത്. ഇതിനിടയിൽ കഥാപ്രസംഗത്തിനു സമയമായി. ഞാൻ കഥ തുടങ്ങി.
'മനുഷ്യ വർഗത്തിന് കാരാഗൃഹവാസം ഒരു പുത്തരിയല്ലല്ലോ? ഭഗവാൻ ശ്രീകൃഷ്ണനും മഹാത്മാഗാന്ധിയും എന്തിന് കേരളം ഭരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയടക്കം തടവറയിലെ കെടുതികൾ അനുഭവിച്ചിട്ടുള്ളവരാണ്. അടിയന്തരാവസ്ഥയിലെ ഭീകരാവസ്ഥ കഴിഞ്ഞപാടേ കണ്ണൂർ പെരളശ്ശേരി എന്ന കടലോരഗ്രാമത്തിലുള്ള എ.കെ.ജി സ്മാരകവായനശാലാ വാർഷികത്തിന് എനിക്കൊരു കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം കിട്ടി. ഞങ്ങൾ ആളുകളെപ്പറ്റിക്കാൻ തലശ്ശേരി വരെ ട്രെയിനിൽ ചെന്നശേഷം കഥയുടെ വിജയത്തിനായി അവിടുന്നൊരു ടൂറിസ്റ്റ് കാറിൽക്കയറി വായനശാലാ മുറ്റത്തു ചെന്നിറങ്ങുമ്പോൾ, കാഴ്ചയിൽ എന്നെപ്പോലെ തന്നെ തോന്നിക്കുന്ന ഒരു യുവാവ് എന്നെ സ്വാഗതം ചെയ്തു. ഞാൻ തൊഴുകൈയോടെ അങ്ങാരാണെന്ന് ചോദിച്ചപ്പോൾ'വായനശാലയുടെ പ്രസിഡന്റാണ്, എന്റെ പേര് പിണറായി വിജയൻ".
'ഓഹോ ധാരാളം കേട്ടിരിക്കുന്നു. എവിടെയാണ് സഖാവേ എ.കെ.ജിയെ അടക്കം ചെയ്തിരിക്കുന്നത്?"
'വരൂ നമുക്കങ്ങോട്ടു പോകാം".
അദ്ദേഹം എന്നെയും കൂട്ടി ആ കുഴിമാടത്തിനരികിൽ ചെന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. എ.കെ.ജി പോലും വലിയ ജയിൽപ്പുള്ളി ആയിരുന്നല്ലോ? ഞാൻ നിങ്ങളുടെ ജയിൽവിമോചനം എത്രയും വേഗം സാദ്ധ്യമാവട്ടെ എന്ന് കാലമാകുന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നുപറഞ്ഞതും കേൾക്കാനിരുന്നവർ ഒന്നടങ്കം നീണ്ടകരഘോഷം മുഴക്കി.
കഥാപ്രസംഗത്തിന്റെ വിജയത്തെത്തുടർന്നാവാം ജയിലിന് മുന്നിലെ ഗണപതികോവിലിലെ ഉത്സവത്തിന് പൊറ്റക്കാടിന്റെ പ്രേമശില്പി ഒറ്റയാൾ കഥാപ്രസംഗം അവതരിപ്പിക്കാൻ വീണ്ടും ക്ഷണം ലഭിച്ചു. തുടർന്ന് നെയ്യാർ തടാകക്കരയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ പ്രേമശില്പി. ജയിൽ സൂപ്രണ്ടിനൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ വിളമ്പി ത്തന്നത് കല്ലുവാതുക്കൽ ദുരന്തത്തിലെ മണിച്ചൻ. ഇരുപതുകൊല്ലമായി ജയിലിലാണ്.
തുടർന്ന് കൊല്ലം ജില്ലാ ജയിലിൽ ചങ്ങമ്പുഴ പറയാനെത്തുമ്പോൾ ഏണിപ്പടിക്കു താഴെ നിന്നും 'രമണണ്ണാ" എന്നൊരു വിളി. ഞാനിറങ്ങിച്ചെല്ലുമ്പോൾ 'സുപ്രൻ". എന്റെ നാട്ടിലെ ഉത്സവപ്പറമ്പുകളിൽ പതിവായി കപ്പലണ്ടി വിറ്റു നടക്കാറുള്ള സുപ്രൻ.
'നീ എന്താ ഇവിടെ?"
'ഒന്നും പറയണ്ടണ്ണാ"- ജീവിക്കാനൊരു മാർഗ്ഗോമില്ലാതെ വന്നപ്പോ ഞാനല്പം വിദേശമദ്യം വാങ്ങി വീട്ടിൽ ചെറിയൊരു റീട്ടെയിൽ തുടങ്ങി. ആരോ ഒറ്റി. ഇനി ആറുമാസം ഇവിടെ കിടക്കണം. അണ്ണൻ കഥ കഴിഞ്ഞ് പുറത്തിറങ്ങുമ്പോ എനിക്കൊരു സഹായം ചെയ്യണം.
'എന്താ സഹായം?"
'കാശു തരാം, ഒരാറു പൊതി ബീഡീം, രണ്ടു കൂടു തീപ്പെട്ടിം മേടിച്ച്, പൊതിഞ്ഞുകെട്ടി തെക്കേ മതിലെറമ്പി നിന്നെറിഞ്ഞാ മതി, ഞാനെടുത്തോളോം."
'എന്നിട്ടു വേണം പൊലീസുകാരെന്നെപ്പിടിച്ച് നിന്റെ കൂട്ടത്തിക്കെടത്താൻ. അല്ലേ?"
എനിക്കവനെ നിരാശപ്പെടുത്തേണ്ടി വന്നു. തുടർന്ന് കോട്ടയം, ഇടുക്കി ജില്ലാജയിലുകളിൽ പ്രേമശില്പി. പിന്നീടാണ് ഏറ്റവും വലിയ ജയിലായ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ ആയിഷയും പ്രേമശില്പിയും പറയാൻ അവസരം ഒത്തുവന്നത്.
കോഴിക്കോട് പുതിയറയിലെ ജില്ലാ ജയിലിൽ ആയിഷ കഥ പറഞ്ഞ് കഴിഞ്ഞ് ജയിൽ സൂപ്രണ്ട് കൊച്ചിൻ റോമിയോ ജോണിനൊപ്പം നിൽക്കുമ്പോൾ കഥകേട്ട് കഴിഞ്ഞ് കൂട്ടമായി നടന്നുവരുന്ന വനിതകളിൽ ഒരാളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 'അവളാണ് കൂടത്തായിക്കൊലക്കേസിലെ ജോളി."
അവൾ നിർവികാരയായിരുന്നു.
കൊവിഡ് പടർന്ന് ഒന്നരവർഷം കലാജീവിതം പാടേ വഴിമുട്ടി നില്ക്കുമ്പോഴാണ് കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് ശ്രീമതി വല്ലി അവരുടെ ജയിൽ ദിനാഘോഷത്തിന് പ്രേമശില്പി കഥാപ്രസംഗം ആവശ്യപ്പെട്ടത്. രാത്രി വണ്ടിക്ക് കയറി പുലർച്ചെ അഞ്ചിന് സ്റ്റേഷനിൽ ചെന്നിറങ്ങി. പന്ത്രണ്ടിന് തുടങ്ങിയ കഥാപ്രസംഗം കേൾക്കാനെത്തിയവരാകെ സ്ത്രീകളായിരുന്നു.
കഥയെക്കുറിച്ച് സൂപ്രണ്ട് വല്ലീ മാഡത്തിന്റെ അഭിപ്രായം പ്രശംസനീയമായിരുന്നു. തുടർന്ന് കാസർഗോഡ് ചീമേനി ജയിലിലേക്ക് പ്രേമശില്പിക്ക് ഓഫർ കിട്ടി മടങ്ങി.
ലേഖകന്റെ ഫോൺ : 9495269297