
'റിപ്പോർട്ട്" എന്നതൊരു ആംഗലേയ പദം. പാർലമെന്റിൽ പരിഷ്കരിച്ച ബില്ല് അവതരണം വരെ റിപ്പോർട്ട് പടർന്നുകിടക്കുന്നു. പുതിയ പദ്ധതികൾക്ക് റിപ്പോർട്ടുണ്ട്. കമ്മിറ്റികളും കമ്മിഷനുകളും റിപ്പോർട്ടുണ്ടാക്കുന്നു. ഏറ്റവുമൊടുവിൽ സിനിമാ വചനങ്ങളെക്കുറിച്ചും റിപ്പോർട്ടുണ്ടായില്ലേ. കോടതിയിലേക്കായതു കൊണ്ട് ഉടനെ ഫലംകണ്ടു. അതേസമയം വേറൊരു കമ്മിറ്റി റിപ്പോർട്ടുണ്ട്. സിനിമാരംഗം തന്നെ വിഷയം. അധികാരികൾ ആ റിപ്പോർട്ടിന്മേൽ അടയിരിക്കുന്നെന്ന് നടിമാർ. ജനങ്ങൾക്കറിയാം റിപ്പോർട്ടിംഗിന്റെ പുരാവൃത്തം.
അഴിമതി ആരോപണങ്ങൾ വരും. അന്വേഷണത്തിന് ഉത്തരവുണ്ടാവും. കമ്മിഷനായി ചെയർമാനായി അംഗങ്ങളായി ഓഫീസായി വാഹനങ്ങളായി ഇങ്ങനെ പണമിറക്കും. ഒടുവിൽ കുത്തിക്കെട്ടി ഒരു റിപ്പോർട്ടുണ്ടാവും. അന്നേക്കു ഭരണം മാറും. ഫലമോ. റിപ്പോർട്ടുകൾ അലമാരയിൽ സ്ഥലം മിനക്കെടുത്തും. എന്തിനാണത്. ഇന്നുവരെ ഒരു ഉത്തരം പാവം ജനത്തിന് കിട്ടിയിട്ടില്ല.
ഒരു റിപ്പോർട്ട് ചോദിക്കാൻ അധികാരം മതി. അതൊരുതരം തടിതപ്പലാണ്. പിന്നെ ആരുചോദിച്ചാലും എന്തു ചോദിച്ചാലും റിപ്പോർട്ട് വരട്ടെ എന്നുത്തരം. രക്ഷപ്പെടാൻ പറ്റിയ വഴി.
ഒരു റിപ്പോർട്ടുമില്ലാതെ നടപടിയെടുത്തിട്ടുണ്ട് ഈ കേരളത്തിൽ. ശ്രീ. വക്കം പുരുഷോത്തമൻ മന്ത്രിയായിരുന്നപ്പോഴൊക്കെ സംഭവസ്ഥലത്തു അദ്ദേഹം നേരിട്ടെത്തും. ബന്ധപ്പെട്ടവരെ വിളിച്ചുചോദിക്കും. കാര്യങ്ങൾ നേരിട്ടു മനസിലാക്കും. ഒന്നാം നിരയിലെ ക്രിമിനൽ അഭിഭാഷകനായിരുന്നതല്ലേ ഓർമ്മയുണ്ടോ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തെക്കുറിച്ച് മാനസികരോഗികളായ സ്ത്രീകളുണ്ടായിരുന്നവിടെ. ഒരു മതിൽക്കെട്ടിനുള്ളിലായിരുന്നു അവരുടെ പാർപ്പിടം. പുരുഷന്മാർക്കു പ്രവേശനമേയില്ല. കാരണമുണ്ട്. രോഗികൾ മിക്കവാറും വസ്ത്രം ധരിക്കാറില്ല. അവരെ പാർപ്പിച്ചിരുന്ന മതിൽക്കെട്ടിനടുത്ത് മരങ്ങളുണ്ടായിരുന്നു. ആരോഗ്യകേന്ദ്രത്തിലെ ഒരു വിദ്വാൻ രാത്രി ഭംഗിയായി മരം കേറും. മാനസികനില തെറ്റിയ സ്ത്രീകളെ ഉപദ്രവിക്കും. പത്രത്തിൽ വാർത്തവന്നു. അന്ന് ശ്രീ. വക്കം പുരുഷോത്തമൻ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. അന്നുരാവിലെ അദ്ദേഹം കോഴിക്കോട്ടേക്കു പോയി. നേരെ എത്തിയത് മാനസികാരോഗ്യകേന്ദ്രത്തിൽ. സ്ഥലം കണ്ടു. പരാതികേട്ടു. ഉദ്യോഗസ്ഥരെ വിളിച്ചു. കാര്യങ്ങൾ തിരക്കി. നിജസ്ഥിതി മനസിലാക്കി. ഉടൻ നടപടിയുണ്ടായി. അവിടെ വച്ച്. കുറ്റക്കാരനായ മരംചാടിക്കെതിരെ നടപടി. സസ്പെൻഷൻ. അയാൾക്കെതിരെ പൊലീസ് കേസെടുക്കാനും നിർദ്ദേശിച്ചു. പോരാത്തതിന് ആശുപത്രി സൂപ്രണ്ടിനും സസ്പെൻഷൻ. അന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് മതിലിനരികിലെ എല്ലാ മരങ്ങളും മുറിപ്പിച്ചു. സ്ത്രീകളായ രോഗികളുടെ പ്രത്യേക സംരക്ഷണ ചുമതലയ്ക്ക് സ്റ്റാഫിനേയും വച്ചു. ഒരു റിപ്പോർട്ടും വേണ്ടായിരുന്നു.
ഈ അടുത്തകാലത്ത് ആശുപത്രിയിൽ മോഷണം. മോഷണ മുതൽ മൂന്നുമാസം പ്രായമായ കുഞ്ഞ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. അവിടെ വലിയമ്മയ്ക്ക് ആഹാരം കൊണ്ടുവന്ന ചെറുപ്പക്കാരന് സെക്യൂരിറ്റിക്കാരന്റെ തല്ല്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനും കുറച്ചില്ല. കുഞ്ഞിനെ ചികിത്സിപ്പിക്കാനെത്തിയ യുവതിയുടെ കരണത്തടിച്ചു. ആദിവാസി ഉൗരുകൾ. പാവങ്ങളുടെ താവളം. അവിടെ അഞ്ച് പെൺകുട്ടികൾ ജീവനൊടുക്കി. ജീവനല്ലാതെ മറ്റൊന്നും അവർക്കു ഒടുക്കാനില്ലായിരുന്നു. റിപ്പോർട്ട് തേടിയിട്ടുണ്ട് കാത്തിരിക്കാം. റിപ്പോർട്ടുകൾ ഇപ്പോത്തന്നെ എത്രയെത്ര. വെള്ളപ്പൊക്കം തുടങ്ങി റോഡുകളിലെ കുഴികളുടെ എണ്ണം ചൊന്നതു വരെ. എന്തിനധികം. കത്തിപ്പോയ ഫലയലുകളെക്കുറിച്ചും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകളുടെ അയ്യരുകളി. അതിനിടയിലിതാ ഒരു യമണ്ടൻ റിപ്പോർട്ടുകൂടി. 'ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്." കെ - റെയിലിനാണ്. ഈ വിശദവിവര റിപ്പോർട്ട് ഫ്രഞ്ചുകാരൻ വക. പുറങ്ങൾ അനവധി. തട്ടിക്കൂട്ട് റിപ്പോർട്ടാണെന്ന വാദം തെളിഞ്ഞുനിൽക്കുന്നു. സർക്കാർ തന്നെ സമ്മതിക്കുന്നു - ശ്ശി കുഴപ്പമുണ്ട്.
എന്തു ഫലമാണ് ഈ റിപ്പോർട്ടുകൾകൊണ്ട്. എത്രയെണ്ണത്തിനുമേൽ നടപടിയുണ്ടായി. റിപ്പോർട്ട് ഒരു വിധിന്യായമല്ലല്ലോ. കമ്മിഷന്റേതായാലും കമ്മിറ്റിയുടേതയാലും. എങ്കിലും എടുത്തുകളയാൻ പറ്റുമോ. കാശ് ഇമ്മിണി ചെലവായതല്ലേ.
നമ്മുടെ സെക്രട്ടേറിയറ്റിൽ സ്ഥലം പോരാ. ജീവനക്കാർക്കു നിന്നുതിരിയാൻ ഇടമില്ല. അതിനിടയിൽ ഈ റിപ്പോർട്ടുകളുടെ കൂമ്പാരവും.
പണ്ട് ഡൽഹി സെക്രട്ടേറിയറ്റിൽ ഒരു സംഭവം നടന്നു. അവിടെ പലവക റിപ്പോർട്ടുകൾ കുമിഞ്ഞുകൂടി. ജീവനക്കാർ സ്ഥലസൗകര്യത്തിന് സമരത്തിനിറങ്ങി. ഒരു സർദാർജിയായിരുന്നു പൊതുഭരണ സെക്രട്ടറി. സമരനേതാക്കൾ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു. സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചു. എന്നിട്ട് ഉത്തരവിട്ടു: '' പഴയ കുറെ റിപ്പോർട്ടുകൾ കത്തിച്ചുകളയുക. കത്തിക്കുന്ന റിപ്പോർട്ടുകളുടെ ഫോട്ടോ കോപ്പി എടുത്തുസൂക്ഷിക്കണം." അന്നത്തെ അണ്ടർ സെക്രട്ടറിയുടെ ഒപ്പും, പേരും.