
1999ലെ ലോകായുക്ത നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരിന് ശമനമില്ല. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പിൽ വരുത്തിയ നിർണായകമായ ഭേദഗതിയാണ് പല വിധത്തിലുള്ള രാഷ്ട്രീയചർച്ചകൾക്ക് വിത്ത് പാകിയിരിക്കുന്നത്. അതായത്, ഒരു പൊതുപ്രവർത്തകൻ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ ബന്ധപ്പെട്ട അധികാരസ്ഥാനത്ത് നിന്ന് പുറത്താക്കാൻ ലോകായുക്തയ്ക്ക് ഉത്തരവിടാമെന്നും അതനുസരിക്കാൻ കോംപിറ്റന്റ് അതോറിറ്റി ബാദ്ധ്യസ്ഥമാണെന്നുമുള്ള മൂലനിയമത്തിലെ വ്യവസ്ഥ മാറ്റി, കോംപിറ്റന്റ് അതോറിറ്റിക്ക് ഒരു ഹിയറിംഗ് നടത്തി ലോകായുക്തയുടെ ഉത്തരവ് തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നാക്കിയിരിക്കുന്നു. മൂന്ന് മാസത്തിനകം കോംപിറ്റന്റ് അതോറിറ്റി തീരുമാനമെടുക്കുന്നില്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കും. കോംപിറ്റന്റ് അതോറിറ്റി എന്നാൽ, ലോകായുക്ത നിയമമനുസരിച്ച് ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ എന്നിവരാണ്.
ഇതിന് പുറമേ മറ്റ് രണ്ട് സുപ്രധാന മാറ്റങ്ങൾ കൂടി മൂലനിയമത്തിൽ വരുത്തിയിട്ടുണ്ട്. ലോകായുക്തയായി നിലവിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നയാളെയോ മാത്രമേ നിയമിക്കാവൂ എന്നുണ്ട്. ഇത് മാറ്റി വിരമിച്ച ഏത് ജഡ്ജിയുമാകാമെന്നാക്കി. മൂന്നാം വകുപ്പിലാണ് ഈ മാറ്റം. അഞ്ചാംവകുപ്പിലെ മാറ്റമനുസരിച്ച്, ലോകായുക്തയ്ക്ക് പ്രായപരിധി നിബന്ധനയും കൊണ്ടുവന്നു. അഞ്ച് വർഷമോ 70 വയസോ ഏതാണോ ആദ്യം അതുവരെ മാത്രമേ തുടരാനാകൂ. ഈ മാറ്റങ്ങളെല്ലാം സർക്കാരിനോ ഭരണകക്ഷിക്കോ വേണ്ടപ്പെട്ടവരെ ഇഷ്ടാനുസരണം സ്ഥാനത്ത് കൊണ്ടുവരാനാണെന്നാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്ന ആക്ഷേപം.
2021 ഏപ്രിൽ 21ന് അഡ്വക്കറ്റ് ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് സർക്കാർ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തിയതെന്നും മൂലനിയമം ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായതിനാലാണ് ആ അവസ്ഥ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലേക്ക് വന്നതെന്നും സർക്കാരും സി.പി.എമ്മും പറയുന്നു. ഭരണഘടനയുടെ അനുച്ഛേദം 163, 164 വകുപ്പുകളനുസരിച്ച് ഗവർണറുടെ പ്രീതിക്കനുസരിച്ചാവണം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനമെന്നിരിക്കെ, ആ അധികാരം പൂർണമായി ലോകായുക്തയ്ക്ക് കൈമാറുന്നത് അനുചിതമെന്നാണ് വാദം. നിയമമന്ത്രി പി. രാജീവ് തന്നെ, ഈ ഭരണഘടനാ വിരുദ്ധതാ വാദമുയർത്തി വിശദീകരണത്തിന് തയാറായി.
പ്രതിപക്ഷം ഇതിനെ നഖശിഖാന്തം എതിർത്തു. അവർ പറയുന്നത്, നിയമനിർമാണസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ സർക്കാരിനാകില്ലെന്ന് സുപ്രീംകോടതി ഡിവിഷൻബെഞ്ചിന്റെ വിധിയുണ്ടെന്നാണ്. ഒരു മന്ത്രി തന്നെ ഭരണഘടനാവിരുദ്ധ വാദമുഖമുയർത്തി വരുന്നത് നിയമസഭയോടുള്ള അവഹേളനമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും വരെ അവർ ഉന്നയിക്കുന്നുണ്ട്.
1999ൽ കേരള നിയമസഭ ലോകായുക്ത നിയമം പാസാക്കുമ്പോൾ, കർണാടകയിലെ നിയമത്തെ മാതൃകയാക്കി തയാറാക്കി വച്ചിരുന്ന ഒരു മൂലനിയമമുണ്ടായിരുന്നു. അതിന്റെ 12ാം വകുപ്പിൽ പറയുന്ന അതേകാര്യമാണ് ഇപ്പോൾ വരുത്തിയ ഭേദഗതി. അതായത് ലോകായുക്ത ഉത്തരവ് കോംപിറ്റന്റ് അതോറിറ്റിയായ സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ആ വ്യവസ്ഥ ലോകായുക്ത നിയമം കൊണ്ടുവരുന്നതിന്റെ സ്പിരിറ്റ് ചോർത്തിക്കളയുമെന്ന് അന്ന് നിയമസഭയിൽ ശക്തമായ വാദമുഖങ്ങളുയർന്നു. ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന്റെ അംഗങ്ങൾ മാത്രമല്ല, പ്രതിപക്ഷകക്ഷി നേതാക്കളും ഇക്കാര്യമുന്നയിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോഴും ഇതേ വാദങ്ങളുയർന്നു. തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ബിൽ പൈലറ്റ് ചെയ്ത അന്നത്തെ നിയമമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി നായനാരുമായും ഇടതുമുന്നണി നേതൃത്വവുമായും ചർച്ച നടത്തി. അങ്ങനെ ഔദ്യോഗിക ഭേദഗതിയായി ലോകായുക്തയ്ക്ക് ശക്തമായ അധികാരം നൽകുന്ന വ്യവസ്ഥ കൊണ്ടുവന്നു. അതാണ് ഇപ്പോൾ നിലവിലുണ്ടായിരുന്നതും ഇപ്പോൾ മന്ത്രിസഭ തിരുത്തിയതുമായ 14ാം വകുപ്പ്.
എജിയുടെ
നിയമോപദേശത്തിന്റെ
പ്രാധാന്യം
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് കിട്ടിയെന്ന് പറയുന്ന ഏപ്രിൽ 21ന് ഒരു പ്രാധാന്യമുണ്ട്. കേരള രാഷ്ട്രീയത്തിൽ ലോകായുക്ത സുപ്രധാനമായ വിധി പുറപ്പെടുവിച്ച ദിവസമായിരുന്നു ഏപ്രിൽ 21. ലോകായുക്ത അതിന്റെ 22 വർഷത്തെ ചരിത്രത്തിനിടയിൽ പതിനാലാം വകുപ്പിന്റെ അധികാരം ആദ്യമായി പ്രയോഗിച്ച ദിവസവുമായിരുന്നു അന്ന്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ലോകായുക്ത മുമ്പാകെവന്ന പരാതിയിൽ അന്ന് കാവൽമന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നു. പതിനാലാം വകുപ്പ് പ്രകാരം, ലോകായുക്ത കുറ്റക്കാരനെന്ന് വിധിച്ച ജലീലിനെ പുറത്താക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രിക്ക് അംഗീകരിക്കേണ്ടി വന്നു. ജലീൽ ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ പോയിട്ടും പ്രയോജനമുണ്ടായില്ല.
അന്നുമുതൽ സർക്കാരിന് വീണ്ടുവിചാരമുണ്ടായെന്ന് ചിന്തിക്കുന്നവർ കുറവല്ല. ജലീലോ ഫോബിയ ബാധിച്ച സർക്കാരിന് ഇനിയങ്ങോട്ടും എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയാശങ്ക കലശലാവുക സ്വാഭാവികം. ആ ഘട്ടത്തിലാണ് ലോകായുക്ത മുമ്പാകെ മറ്റ് രണ്ട് കേസുകൾ കൂടി വന്നുപെടുന്നത്. അതിലൊന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്നുള്ള, മുഖ്യമന്ത്രി പിണറായി വിജയന് തന്നെ എതിരായുള്ള കേസാണ്. രണ്ടാമത്തേത് കണ്ണൂർ വി.സിയായി പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ശുപാർശ ചെയ്ത് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഗവർണർക്ക് കത്തെഴുതിയതിന് എതിരായുള്ളതാണ്. ഇതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ അവസാന വാദം കേൾക്കൽ ഫെബ്രുവരി നാലിനാണ്. ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരായ പരാതി പരിഗണനയ്ക്കെടുക്കണോ എന്ന് ലോകായുക്ത തീരുമാനിക്കുക ഇന്നാണ്. ഈ ഘട്ടത്തിലാണ് നിയമഭേദഗതിക്ക് മുതിർന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ അത് ജനത്തെ വിശ്വസിപ്പിക്കാൻ പോന്ന വാദഗതിയാവുക സ്വാഭാവികം. മടിയിൽ കനമുള്ള സർക്കാരാണോ എന്ന് ഒരുവേള ആരെങ്കിലും സംശയിച്ചാൽ എന്ത് പറയും? അത്തരം സംശയത്തിന് ബലം പകർന്നത് ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ ആണെന്നതും എടുത്തുപറയണം. ഓർഡിനൻസ് അവരോട് ആലോചിക്കാതെ തിടുക്കപ്പെട്ട് ഇറക്കിയത് അവരെ പ്രകോപിപ്പിച്ചു. അതെന്തിന് എന്ന് അവർ പരസ്യമായി ചോദിച്ചപ്പോൾ അതും സി.പി.എമ്മിന് പൊല്ലാപ്പായി. പ്രതിപക്ഷം ഒന്നുകൂടി ഉഷാറായി. ലോകായുക്ത ഈ കേസുകളിലൊന്നും കഥയില്ലെന്ന് പറഞ്ഞ് തള്ളിയാലേ സർക്കാരിന് ശ്വാസം നേരെ വീഴൂ എന്നതാണ് അവസ്ഥ. മറ്റൊരു കടമ്പ കൂടിയുണ്ട്. അത് ഗവർണറുടെ ഒപ്പാണ്. ഓർഡിനൻസിനെതിരെ പരാതികളുയർന്ന സ്ഥിതിക്ക് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. അത് കിട്ടിക്കഴിഞ്ഞാൽ അദ്ദേഹം ഒപ്പിടുമായിരിക്കുമെന്ന പ്രതീക്ഷ ഇടതുകേന്ദ്രങ്ങൾക്കുണ്ട്. അത് കൂടിയായാൽ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയേക്കാം. അങ്ങനെ ആശ്വസിക്കാൻ നേരത്താണ് അടുത്ത വെടിപൊട്ടിച്ച് നമ്മുടെ കെ.ടി. ജലീൽ രംഗത്തെത്തിയത്. അതിനി എന്ത് കോലാഹലമാകും ഉണ്ടാക്കുക!
ജലീലിന്റ പകയും സി.പി.എമ്മും
2005ൽ കൊടുമ്പിരിക്കൊണ്ട ഐസ്ക്രീം പാർലർ കേസിന് ശേഷം ലീഗിനോട് യുദ്ധം ചെയ്ത് വില്ലാളിവീരനായി ഇടതുപടയിൽ ചെന്നെത്തിയ വീരയോദ്ധാവാണ് കെ.ടി. ജലീൽ. ജലീലിന്റെ ബ്രാൻഡ് തന്നെ ലീഗ് വിരുദ്ധതയാണ്. ജലീൽ സ്വാധീനത്താൽ മലപ്പുറം ജില്ലയിലടക്കം സി.പി.എമ്മിന് അല്പസ്വല്പം നേട്ടങ്ങളുണ്ടാക്കാനായി എന്നത് വസ്തുതയാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി വളരെപ്പെട്ടെന്ന് ജലീൽ മാറി. ശംഖുമുഖത്ത് പണ്ട് സി.പി.എമ്മിന്റെ കേരളയാത്രയുടെ സമാപനയോഗത്തിൽ വി.എസ്. അച്യുതാനന്ദൻ കടന്നുവരുമ്പോൾ ഉണ്ടായ കൈയടിയും പിന്നാലെ ബക്കറ്റിലെ വെള്ളത്തെയും കടലിലെ തിരമാലയെയും താരതമ്യംചെയ്ത് പിണറായി വിജയൻ നടത്തിയ പരാമർശവും വലിയ ചർച്ചയായി. അന്ന് പിണറായിക്ക് ഈ കഥ ഓർമ്മിപ്പിച്ച് കൊടുത്തത് കെ.ടി. ജലീലാണ്.
2016ൽ ഇടതുമുന്നണി സർക്കാർ വന്നപ്പോൾ ജലീൽ മന്ത്രിയായത് സ്വാഭാവികം. ജലീലിനെ ചൊല്ലി നിരന്തരം വിവാദങ്ങളുയർന്നു. മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. 2021ൽ പക്ഷേ തുടർഭരണത്തിൽ ജലീലിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരെല്ലാം മാറ്റപ്പെട്ടപ്പോൾ ജലീലും ആ അക്കൗണ്ടിൽ പുറത്തായി.
ലീഗിനെതിരായ യുദ്ധം ജലീൽ വർദ്ധിതവീര്യത്തോടെ പുനരാരംഭിച്ചത് ഇതിന് ശേഷമാണ്. മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിലെ ക്രമക്കേടുകളുയർത്തി പ്രഖ്യാപിത ശത്രുവായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ യുദ്ധകാഹളം മുഴക്കി. എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ജലീൽ പരസ്യമായി ആവശ്യപ്പെടുന്ന നില വരെയെത്തി കാര്യങ്ങൾ. അവിടം വരെയെത്തിയപ്പോൾ പിണറായി ഇടപെട്ടു. അത്രയ്ക്കൊന്നും പോകേണ്ട എന്ന് പരസ്യമായി ജലീലിനോട് അദ്ദേഹം മുന്നറിയിപ്പ് നൽകിയെന്ന്, ഒരു വാർത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ബോദ്ധ്യപ്പെടുത്തിത്തന്നു. ഇ.ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ.ഡിയിലുള്ള വിശ്വാസം കൂടിക്കാണുമെന്ന പരിഹാസവും മുഖ്യമന്ത്രി വകയുണ്ടായി. മുഖ്യമന്ത്രി പിതൃതുല്യൻ എന്ന് പറഞ്ഞ് ജലീൽ സ്വയം ആശ്വസിച്ചു.
ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചൊല്ലി വിവാദമുയർന്നപ്പോൾ കുറച്ചുകാലം അടങ്ങിയിരിക്കുകയായിരുന്ന ജലീൽ വീണ്ടുമെത്തി. ലോകായുക്തയായ മുതിർന്ന ന്യായാധിപനെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായാണ് ജലീലിന്റെ രംഗപ്രവേശം. സഹോദരപത്നിക്ക് വൈസ് ചാൻസലർ പദവി ലഭ്യമാക്കാനായി യു.ഡി.എഫ് നേതാവിനെതിരായ കേസ് എഴുതിത്തള്ളിയ മാന്യനാണ് ലോകായുക്ത എന്ന് ജലീൽ വിമർശിച്ചത്, ഒരർത്ഥത്തിൽ ചിന്തിച്ചാൽ ജലീലിന്റെ 'മന്ത്രികഥ കഴിച്ച' ലോകായുക്തയോടുള്ള പകപോക്കലായി കാണണം.
ജലീൽ ഉന്നയിച്ച വാദങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്നൊക്കെ അന്വേഷണത്തിനും പരിശോധനയ്ക്കും വിധേയമാകേണ്ട സംഗതിയാണ്. പക്ഷേ ജലീൽ വിടാൻ ഭാവമില്ല. ഇന്നലെ പുതിയ വെടിപൊട്ടിച്ചു. അഭയ കേസ് ഒതുക്കിത്തീർത്തതും ഈ ലോകായുക്തയാണെന്നാണ് പുതിയ ആരോപണം.
2019ൽ ജലീൽകൂടി ഭാഗമായ മന്ത്രിസഭയുടെ കാലത്ത് നിയമിതനായ ലോകായുക്തയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. അദ്ദേഹത്തിന് ഭരണ- പ്രതിപക്ഷ നേതൃനിരകളിലുണ്ടായിരുന്ന പ്രമുഖരുമായി അടുപ്പമുണ്ടോ ഇല്ലയോ എന്നതൊക്കെ മറ്റൊരു വിഷയമാണ്. ലോകായുക്ത നിയമനത്തിനായുള്ള സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമുണ്ട്. മൂന്നുപേരും ഏകകണ്ഠമായാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ നിശ്ചയിച്ചത്.
ലോകായുക്ത നിയമഭേദഗതിയെ ന്യായീകരിച്ച് കൊണ്ടാണെങ്കിലും ജലീൽ ഇപ്പോഴുയർത്തിയ ആരോപണങ്ങൾ സർക്കാരിനെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്താനിടയുണ്ടോ? ലോകായുക്തയെ പ്രകോപിപ്പിക്കേണ്ട കാര്യമുണ്ടോ? സി.പി.എം നേതൃത്വം ജലീലിനെ ഏറ്റുപിടിച്ചിട്ടില്ല എന്നത് എടുത്തുപറയണം. കൈയോടെ തള്ളിയിട്ടുമുണ്ട്. വ്യക്തിക്കെതിരായ പ്രശ്നമല്ല നിയമഭേദഗതിക്ക് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ജലീലിനെ പരസ്യമായി തള്ളിപ്പറയൽ തന്നെയാണ്. പക്ഷേ ജലീൽ ഇവിടം കൊണ്ട് അവസാനിപ്പിക്കുമോ? ജലീലിന്റെ വിശാലലക്ഷ്യം മറ്റെന്തെങ്കിലുമുണ്ടോ?- കൗതുകമുണർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളാണ് ജലീലിന്റെ വിമർശനങ്ങൾ കേരളത്തിൽ ഉയർത്തിവിടുന്നത്.