
ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദ് ചുമതലയേറ്റു. ഒരിടവേളക്ക് ശേഷമാണ് സ്വാമി ഗുരുപ്രസാദ് വീണ്ടും സഭയുടെ സെക്രട്ടറിയാകുന്നത്. നിലവിൽ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമാണ്. 2010 മുതൽ 21 വരെ നേരത്തെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. ഈ കാലയളവിൽ സഭയുടെ പ്രവർത്തനം ആഗോളതലത്തിലെത്തിച്ചു. അമേരിക്കയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും യൂണിറ്റുകളുണ്ടായി. ദൈവദശകം രചനാശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ശിവഗിരിയിൽ സഭയുടെ ബഹുനില ആസ്ഥാനമന്ദിരം നിർമ്മിച്ചതും ഈ കാലത്താണ്. സഭയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഗുരുപ്രസാദ് പറഞ്ഞു.