
വിതുര: വിതുര സ്വദേശികളായ പതിന്നാലും പതിനാറും വയസുള്ള സഹോദരിമാരായ വിദ്യാർത്ഥികളെ പീഡിപ്പിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻകുളിച്ചാറ തടത്തരികത്ത് വീട്ടിൽ രഞ്ചു എന്ന വിനോദ് (32), കിളിമാനൂർ അടയമൺ ചരുവിള പുത്തൻവീട്ടിൽ ശരത് (23) എന്നിവരാണ് പിടിയിലായത്. പെൺകുട്ടികളുടെ ബന്ധുവാണ് ഒന്നാംപ്രതിയായ വിനോദ്. ഇയാൾ പെൺകുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിതുരയിലും നഗരൂരിലുമുള്ള വീട്ടിൽ വച്ച് പ്രതികൾ നിരന്തരം പീഡിപ്പിച്ചതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒന്നാംപ്രതി വിനോദ്, കൂട്ടുകാരനും രണ്ടാം പ്രതിയുമായ ശരതിനെ വിളിച്ചുവരുത്തിയാണ് കുട്ടികളെ പീഡിപ്പിക്കാൻ അവസരമൊരുക്കിക്കൊടുത്തതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുൻപ് നഗരൂരിൽ ടാപ്പിംഗ് ജോലി നോക്കുന്ന വിനോദ് 16 കാരിയായ പെൺകുട്ടിയെ വിതുരയിൽ നിന്ന് സ്കൂട്ടറിൽ കയറ്റി നഗരൂരിൽ എത്തിച്ച് വീട്ടിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞ് മാതാപിതാക്കൾ നഗരൂരിലെത്തിയപ്പോൾ പെൺകുട്ടിയെ പൂട്ടിയിട്ട ശേഷം പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് മാതാപിതാക്കളാണ് പെൺകുട്ടിയെ രക്ഷിച്ച് വിതുരയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ പത്തനംതിട്ടയിൽ നിന്നും, പെരിങ്ങമ്മലയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഒന്നാംപ്രതി വിനോദ് രണ്ട് തവണ വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ്. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ.സുധീഷ്, എ.എസ്.ഐ സജു, എസ്.സി.പിഒ പ്രദീപ്, സി.പി.ഒമാരായ ശരത്, ജസീൽ, ജവാദ്, ഹാഷിം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.