photo

അഴിമതി ചിതലിനെപ്പോലെയാണെന്നും അത് രാജ്യത്തെ പൊള്ളയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. യുവജനങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രത്തെ ഈ വിപത്തിൽ നിന്ന് മോചിപ്പിക്കണമെന്നും പുതുവർഷത്തിലെ ആദ്യ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 2047 ആകുമ്പോഴേക്കെങ്കിലും ഇന്ത്യയെ അഴിമതി മുക്തമായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിൽനിന്നുള്ള ഒരു വനിത അയച്ച കത്തിനുള്ള മറുപടിയായാണ് കർത്തവ്യങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോയാൽ അഴിമതി നിലനിൽക്കില്ലെന്നും 2047 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

അഴിമതി ചിതലിനെപ്പോലെയാണെന്ന ഉപമയിൽത്തന്നെ അതിന്റെ പരിഹാരവും കിടപ്പുണ്ട്. പതിറ്റാണ്ടുകളായി അഴിമതിക്ക് പേരുകേട്ട പല വകുപ്പുകളിലും അഴിമതിവിരുദ്ധ നടപടികളുടെ വെളിച്ചം വീണിട്ടില്ല എന്നതാണ് അഴിമതിയുടെ ചിതലുകൾ കൂടാൻ കാരണം. എന്നും വൃത്തിയാക്കുന്ന വീടുകളും കെട്ടിടങ്ങളും ചിതലരിക്കാറില്ല. ആരും തിരിഞ്ഞുനോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും സാധനങ്ങളുമാണ് ചിതൽ തിന്നുതീർക്കുന്നത്. അഴിമതി തടയാൻ നിരവധി നിയമങ്ങളും അന്വേഷണ ഏജൻസികളും നിലവിലുണ്ട്. എന്നാൽ ഇവയുടെ പ്രവർത്തന രീതിയിൽത്തന്നെ നിരവധി പോരായ്മകളുണ്ട്. ഒന്നാമതായി പരാതി വന്നാൽ മാത്രം അന്വേഷണം നടത്തുക എന്ന പരമ്പരാഗത രീതിയാണ് അന്വേഷണ ഏജൻസികൾ ഇപ്പോഴും മിക്കവാറും പിന്തുടരുന്നത്. അമിതമായ പണം ആവശ്യപ്പെടുമ്പോഴും പണം നൽകിയിട്ടും കാര്യം നടക്കാതെ വരികയും ചെയ്യുമ്പോഴാണ് ചിലരെങ്കിലും പരാതിപ്പെടാൻ തുനിയുക. ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്ന അവസ്ഥയിലെത്തുമ്പോഴെ പരാതി ഉയർന്നുവരൂ.

പരാതി ഇല്ലാതെതന്നെ അന്വേഷണ ഏജൻസികൾ രഹസ്യമായ അന്വേഷണവും തുടർനടപടികളും സ്വീകരിച്ചാൽ അഴിമതി എന്ന ചിതലുകൾക്ക് സ്ഥലം കാലിയാക്കേണ്ടിവരും. ആ രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തുകയും ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ അഴിമതിവിരുദ്ധ ഏജൻസികൾക്ക് ബലം പകരുകയും ചെയ്യേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. എന്നാൽ അവരിൽത്തന്നെ ഒരു വിഭാഗം അഴിമതിക്ക് കുടപിടിക്കുന്നവരായി മാറുമ്പോൾ ആ തണലിലും സംരക്ഷണയിലും അഴിമതിയെന്ന ചിതലുകൾ തഴച്ച് വളരുന്നു.

മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി വിദ്യാർത്ഥിനിയിൽ നിന്ന് കോഴ വാങ്ങിയ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് സി.ജെ. എൽസിയുടെ ചിത്രവും വാർത്തയും പത്രങ്ങളിൽ വന്നിട്ടുണ്ട്. അഴിമതിക്കേസിൽ കുരുങ്ങിയിട്ടും യാതൊരു കൂസലും ഇല്ലാതെയാണ് അവർ പെരുമാറിയത്. ഉന്നതബന്ധങ്ങളും എന്തു സംഭവിച്ചാലും രാഷ്ട്രീയത്തിന്റെ തണലിൽ രക്ഷനേടാമെന്ന വിശ്വാസവുമാണ് അവർക്ക് ധൈര്യം പകരുന്നത്. പത്തിൽ തോറ്റ് പ്യൂണായ എൽസി രാഷ്ട്രീയവും കോഴയുമായാണ് വളർന്ന് ഓരോ പടികളും കയറിയത്. ഇത്തരക്കാർക്ക് അഴിമതി നടത്തുന്നവരിൽ യാതൊരു കുറ്റബോധവും തോന്നില്ല. ഇത്തരം ചിതലുകളെ പരാതി വരുന്നതിന് മുമ്പ് തന്നെ കണ്ടുപിടിച്ച് പുറത്താക്കാനുള്ള കുറ്റമറ്റ സംവിധാനമാണ് വേണ്ടത്. സാങ്കേതികതയുടെ സഹായത്തോടെ അതിന് രൂപം നൽകാവുന്നതേയുള്ളൂ. പക്ഷേ അതിനാര് തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.