
പാലോട്: ഏറെനാളത്തെ കാത്തിരുപ്പിനൊടുവിൽ ചെല്ലഞ്ചി നിവാസികളുടെ സ്വപ്നമായ ചെല്ലഞ്ചി പാലം യാഥാർത്ഥ്യമായി. എന്നാൽ ഇന്ന് ഈ പാലവും സമീപ പ്രദേശവും ഇവിടത്തെ ജനങ്ങളുടെ ഉള്ളിൽ ഭീതിയാണ് നൽകുന്നത്. ഇവിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. യുവാക്കളുടെ ബൈക്ക് റേസിംഗ് കേന്ദ്രമാണ് പാലം. ഒപ്പം പ്രകൃതിഭംഗി ഏറെയുള്ളതിനാൽ അപകടമാം വിധത്തിൽ സെൽഫിയെടുക്കാൻ പെൺകുട്ടികൾ ഉൾപ്പെടെ എത്തുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്. യുവാക്കളുടെ മദ്യപാനവും ബൈക്ക് റേസിംഗും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പാലം സംരക്ഷണസമിതി രൂപീകരിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെല്ലഞ്ചിയാറ്റിൽ കുളിക്കാനിറങ്ങി അടുത്തിടെ മരണമടഞ്ഞവർ രണ്ടാണ്. പാലത്തിന്റെ ഒരു ഭാഗം പാലോട് പൊലീസിന്റെ അതിർത്തിയും ഒരു ഭാഗം പാങ്ങോട് പൊലീസിന്റെ അതിർത്തിയുമാണ്. ഇത് സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അടിയന്തര നടപടി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മരണക്കെണിയായി ചെല്ലഞ്ചിയാറ്
ശാന്തമായി ഒഴുകുന്ന ചെല്ലഞ്ചിയാറ്റിൽ മരണക്കയങ്ങൾ നിരവധിയാണ്. ഈ ആറിൽ മരിച്ചവരും മരണത്തെ മുഖാമുഖം കണ്ടവരും ഏറെയാണ്. വർഷങ്ങൾക്ക് മുൻപ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. ചെല്ലഞ്ചി പാലം നിർമ്മാണത്തിനെത്തിയ നിർമ്മാണത്തൊഴിലാളിയും ഈ ആറ്റിൽ വീണു മരിച്ചിരുന്നു. അപകടകരമായ കയങ്ങൾ നിരവധിയുണ്ടെങ്കിലും ഇവിടെ യാതൊരു മുന്നറിയിപ്പ് ബോർഡുകളും അധികാരികൾ സ്ഥാപിച്ചിട്ടില്ല. ഒപ്പം പാലത്തിന്റെ മുകളിൽ കൈവരിയിലിരുന്ന് സെൽഫിയെടുക്കുന്നവരും നിരവധിയാണ്. ആറിൽ നിന്നും 150 അടി ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. നദിയിലാകട്ടെ കൂറ്റൻപാറകളും. കാൽ വഴുതി ആറിൽ വീണാൽ പാറയിലിടിച്ച് മരണം ഉറപ്പ്.
അപകടം നിരവധി
റൈസിംഗ് നടത്തുന്നവർ കാരണം കാൽനടക്കാരും മറ്റ് വാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ബൈക്ക് റേസിംഗിനിടെ ഗുരുതരമായി വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. അവധി ദിവസങ്ങളിൽ നിരവധി യുവാക്കളും യുവതികളുമാണ് ഇവിടെ എത്തുന്നത്. പന്തയം വച്ചാണ് ബൈക്ക് റേസിംഗ് നടത്തുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. പാലത്തിന്റെ ചെറിയ കൈവരികളിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. ഒന്ന് കാലിടറിയാൽ കൂറ്റൻ പാറക്കെട്ടിലേക്ക് വീണ് അപകടം സംഭവിക്കും.