kseb

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടാനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. അടുത്ത അഞ്ചുവർഷം കൊണ്ട് ഇപ്പോഴത്തെ നിരക്കിൽ യൂണിറ്റിന് രണ്ടുരൂപയിലധികം വർദ്ധന വേണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. ഇപ്പോൾ നഷ്ടം 8919 കോടി രൂപയെന്നാണ് കണക്ക്. 2027-ൽ അത് 14054 കോടിയായി ഉയരുമത്രേ. പുതിയ സാമ്പത്തിക ർഷം യൂണിറ്റിന് ഒരു രൂപയുടെ വർദ്ധനയാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് ഓരോ വർഷവും വർദ്ധന വരുത്തി അഞ്ചുവർഷം എത്തുമ്പോൾ 2.30 രൂപയുടെ വർദ്ധന പ്രാബല്യത്തിലാക്കുംവിധമാണ് താരിഫ് പെറ്റിഷൻ തയ്യാറാക്കിയിരിക്കുന്നത്. റഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ മാത്രമേ നിരക്കുവർദ്ധന പാടുള്ളൂ എന്നാണ് ചട്ടം. അതിനാൽ താരിഫ് പെറ്റിഷൻ കമ്മിഷനു സമർപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ രൂക്ഷമായ എതിർപ്പുണ്ടാകുമെന്നതിനാൽ അല്ലറചില്ലറ നീക്കുപോക്കുകൾ വരുത്തിക്കൂടെന്നില്ല. എന്നാലും നിരക്കു വർദ്ധനയെന്ന വാൾ ഉപഭോക്താവിന്റെ തലയ്ക്കു മുകളിൽ സദാ നിലനിൽക്കുകയാണ്. ഏതാനും വർഷങ്ങൾക്കിടയിൽ ഉണ്ടാകാൻ പോകുന്ന ഏറ്റവും ഉയർന്ന നിരക്ക് വർദ്ധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കെടുകാര്യസ്ഥതയുടെ പര്യായങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ വൈദ്യുതി ബോർഡ് സ്വന്തം നിലയ്ക്ക് വൈദ്യുതി ഉത്പാദനം കൂട്ടാൻ ശ്രമങ്ങളൊന്നും നടത്തുന്നില്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതാണ് നഷ്ടത്തിനു പ്രധാന കാരണം. പണ്ടുമുതലേയുള്ള ജലവൈദ്യുതി പദ്ധതികളാണ് പ്രധാന ആശ്രയം. അതാകട്ടെ ആവശ്യത്തിന്റെ ഇരുപതു ശതമാനം നേരിടാൻപോലും പര്യാപ്തമല്ല. ശേഷിക്കുന്ന എൺപതു ശതമാനത്തിന് പുറത്തുള്ളവരെ ആശ്രയിക്കണം. അതിനാകട്ടെ പറയുന്ന വിലയും നൽകണം.

പാരമ്പര്യേതര ഉൗർജ്ജ ഉത്‌പാദനത്തിൽ പല സംസ്ഥാനങ്ങളും നേട്ടത്തിന്റെ പുതിയ അദ്ധ്യായങ്ങൾ രചിക്കുമ്പോൾ ഇവിടെ എടുത്തുപറയാൻ ഉദാഹരണങ്ങളില്ല. അനുമതി ലഭിക്കാനിടയില്ലാത്ത ഏതാനും ജലവൈദ്യുതി പദ്ധതികളുടെ പിറകെ അലയാനാണ് താത്പര്യം. കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്താൻ കാര്യമായ ശ്രമങ്ങളുമില്ല.

പ്രസരണനഷ്ടം കുറയ്ക്കുന്നതിലും വേണ്ടത്ര വിജയിച്ചിട്ടില്ല. ഓരോ വർഷവും ജീവനക്കാർ കൂടിക്കൊണ്ടിരിക്കുന്നു. ശമ്പളം, പെൻഷൻ എന്നീ ഇനങ്ങളിൽ ചെലവേറുന്നു. സ്ഥിരം ജീവനക്കാർക്കു പുറമേ വൻതോതിൽ കരാർ തൊഴിലാളികളുമുണ്ട്. പത്തുവർഷത്തിനിടെ ഏഴായിരത്തോളം സ്ഥിരം ജീവനക്കാരാണ് ബോർഡിലെത്തിയത്. ജീവനക്കാരെ കുറയ്ക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെടുന്നെങ്കിലും നിരക്കു വർദ്ധനയല്ലാതെ കാതലായ ശുപാർശകളൊന്നും നടപ്പാക്കാൻ ബോർഡ് താത്‌പര്യം കാട്ടാറില്ല.

പുതിയ താരിഫ് പെറ്റിഷൻ സമർപ്പിച്ചപ്പോഴും ബോർഡിൽ അഞ്ചുവർഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കാര നടപടികളെക്കുറിച്ച് പറയുന്നുണ്ട്. പ്രസരണ നഷ്ടവും സാമ്പത്തിക നഷ്ടവും കുറച്ചുകൊണ്ടുവന്ന് വൈദ്യുതി നിരക്ക് യുക്തിസഹമാക്കുമെന്നാണു വാഗ്ദാനം. എന്നാൽ അനുഭവങ്ങൾ നോക്കുമ്പോൾ നടക്കാത്ത വാഗ്ദാനങ്ങളാണ് മുന്നിലുള്ളത്. വിതരണ ശൃംഖല നവീകരിക്കാനും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനും ഇരുപതിനായിരത്തിലധികം കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സ്മാർട്ട് മീറ്റർ സാർവത്രികമായാൽ മീറ്റർ റീഡർമാരുടെ സംഖ്യ കുറയ്ക്കാനാകും. അപ്പോഴും ഇതു സ്ഥാപിക്കാനുള്ള ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരുമോ എന്നറിയണം. ഉപഭോക്താവ് സ്വന്തം ചെലവിൽ വാങ്ങിവച്ചിട്ടുള്ള മീറ്ററിനും ഇപ്പോൾ മാസാമാസം മീറ്റർ വാടക നൽകേണ്ടിവരുന്നുണ്ട്. സ്മാർട്ട് മീറ്ററാകുമ്പോൾ ചെലവേറും.

കാര്യക്ഷമത വർദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കാനായില്ലെങ്കിൽ ഓരോ വർഷവും ബോർഡിന് ഉപഭോക്താക്കളെ പിഴിയേണ്ടിവരും. ഇന്ധനം, വൈദ്യുതി, വെള്ളം, ഗതാഗതം എന്നീ മേഖലകളിൽ വരുത്തുന്ന ഓരോ വർദ്ധനയും സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ കൂടുതൽ ഞെരുക്കും.