
തിരുവനന്തപുരം: ഐ.ടി നഗരമായ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018ൽ നിർമ്മാണം ആരംഭിച്ച എലിവേറ്റഡ് ഹൈവേ ഏപ്രിലോടെ പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിട്ടിയുടെ ഉറപ്പ്.
കഴിഞ്ഞവർഷം ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന ആദ്യ വാഗ്ദാനം കൊവിഡ് കാരണം നടപ്പായില്ല. ജനുവരിൽ പൂർത്തിയാക്കുമെന്ന ഉറപ്പും പാളിയതോടെയാണ് പുതിയ വാഗ്ദാനം. 2.72 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയുടെ 70ശതമാനവും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജോലികൾ ഏപ്രിലോടെ പൂർത്തിയാക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) അറിയിച്ചു.
ടെക്നോപാർക്ക് ഫേസ്ത്രീ, ആറ്റിൻകുഴി, മുക്കോലയ്‌ക്കൽ എന്നിവിടങ്ങളിൽ മൂന്ന് അണ്ടർപാസുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും സർക്കാർ അനുമതി നൽകാത്തതിനാൽ അണ്ടർപാസ് ഇല്ലാതെയാകും എലിവേറ്റഡ് ഹൈവേ തുറന്നുനൽകുക.
തൂണുകൾ എല്ലാം സ്ഥാപിച്ചെങ്കിലും കഴക്കൂട്ടം ജംഗ്ഷനിൽ പിയർക്യാപ് ഘടിപ്പിക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. മുന്നൂറോളം തൊഴിലാളികൾ പകലും രാത്രിയുമായി ജോലിചെയ്യുകയാണ്. നേരത്തെ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ജോലികളിൽ ഇഴച്ചിലുണ്ടായിരുന്നു.
ചെലവ് 200കോടി
ടെക്‌നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെയാണ് പദ്ധതി. 200കോടിയോളം രൂപ ചെലവിൽ 61 തൂണുകളിലായി 2.72 കിലോമീറ്റർ ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്. ഭാരത്‌മാല പരിയോജന പദ്ധതിയിലാണ് ഹൈവേയുടെ നിർമ്മാണം.
7.5 മീറ്ററിൽ ഇരുഭാഗത്തും സർവീസ് റോഡിനെ കൂടാതെ 7.75 മീറ്റർ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. ആർ.ഡി.എസ്, സി.വി.സി.സി കമ്പനികൾക്കാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല. 35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും നിർമ്മിക്കുന്ന 61 സ്‌പാനുകളിൽ ( തൂണുകളിൽ) നാലുവരിപ്പാതയായാണ് ഹൈവേ ഉയരുക.
എലിവേറ്റഡ് ഹൈവെ ഇൗ ഏപ്രിലോടെ പൂർത്തിയാക്കി തുറന്നുനൽകും. മൂന്ന് അണ്ടർപാസുകളുടെ നിർമ്മാണത്തിന് സർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
പി. പ്രദീപ്, പ്രോജക്ട് ഡയറക്ടർ
എൻ.എച്ച്.എ.ഐ