
തിരുവനന്തപുരം: വിഴിഞ്ഞം - മംഗലപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ ഭൂമി ഏറ്റെടുക്കലുൾപ്പെടെ ഇനിയും കടമ്പകൾ പലതുണ്ട്. വിശദമായ രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കാനായി നിയോഗിച്ച കിറ്റ്കോയും പങ്കാളിത്ത സ്ഥാപനമായ സി.ആർ.ഡി.പിയും അലൈൻമെന്റും ബൃഹദ് രൂപരേഖയും തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഭാരത് മാല പരിയോജൻ പദ്ധതിയിലുൾപ്പെടുത്തി പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന അറിയിപ്പാണ് കഴിഞ്ഞദിവസം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാതാ അതോറിട്ടിയുടെയും ഓഫീസുകളിലെത്തിയത്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രഥമ പദ്ധതിയാണിത്. അതിനാൽ കേന്ദ്രസർക്കാരിൽ നിന്ന് ഭാരത് മാല പരിയോജൻ പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ ലഭിച്ചാൽ മാത്രമേ തുടർ നടപടികളിലേക്ക് നിർവഹണ ഏജൻസികൾക്ക് കടക്കാനാകൂ.
പൊതുജനങ്ങളുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടത്തിയ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭിച്ചശേഷം ഡി.പി.ആർ തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് കിറ്റ്കോ എം.ഡി ഹരിനാരായണൻ കേരളകൗമുദിയോട് പറഞ്ഞു.
ഭാവിയിൽ ആറുവരിയായി വികസിപ്പിക്കാനാകുംവിധം വിഴിഞ്ഞം മുതൽ മംഗലപുരം വരെ 77.77 കിലോമീറ്ററുള്ള പദ്ധതിക്ക് 70 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് 50 ശതമാനം പങ്കാളിത്തമുള്ള പദ്ധതിക്കുള്ള ഭൂമി തിരിച്ചറിഞ്ഞ് നോട്ടിഫൈ ചെയ്‌തുനൽകുന്നതാണ് അടുത്തഘട്ടം.
സ്ഥലം നോട്ടിഫൈ ചെയ്‌തു നൽകിക്കഴിഞ്ഞാൽ സംസ്ഥാന സർക്കാരാണ് റവന്യൂവകുപ്പിന്റെ സഹായത്തോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകേണ്ടത്. എൻ.എച്ച്.എ.ഐ നേരിട്ടാണ് ഭൂമിയേറ്റെടുക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. ജനവാസമേഖലകളെ കൃഷിയെയോ ദോഷകരമായി ബാധിക്കാത്ത വിധത്തിലും നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കും വിധത്തിലോ ആയിരിക്കും ഭൂമി ഏറ്റെടുക്കുക. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണം. 926ഏക്കറാണ് ഏറ്റെടുക്കേണ്ടിവരിക. 871 കോടിയുടെ റോഡ് പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിനും ‘ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ’ ആവശ്യത്തിനുമായി 222 കോടിയാണ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കലിനൊപ്പം പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടും തയ്യാറാക്കണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻഫീൽഡ് അലൈൻമെന്റായിരിക്കും പദ്ധതിക്കുള്ളത്. രണ്ടാംഘട്ടമായി ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണനയിലുണ്ട്.
കടന്നുപോകുന്ന സ്ഥലങ്ങൾ
ബാലരാമപുരം, വെങ്ങാനൂർ, പള്ളിച്ചൽ, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, പൂവത്തൂർ, വെമ്പായം, മാണിക്കൽ, പോത്തൻകോട്, മംഗലപുരം. പുറമെ, കോർപ്പറേഷന്റെ വിഴിഞ്ഞം ഭാഗവും നെടുമങ്ങാട് നഗരസഭയുടെ വട്ടപ്പാറ മേഖലയും ഉൾപ്പെടും.
വില്ലേജുകൾ
തേക്കട, വേങ്കോട്, അരുവിക്കര, വിളപ്പിൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കരകുളം, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം.