
16 പേരെ അറസ്റ്റുചെയ്‌തു
ആറ്റിങ്ങൽ: കെ റെയിൽ പദ്ധതിയുടെ കല്ലിടലുമായി ബന്ധപ്പെട്ട് ആലംകോട് തൊട്ടിക്കല്ല് ഇസ്ലാംമുക്കിൽ പൊലീസും കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും തമ്മിൽ സംഘർഷം. സമരക്കാർക്കുനേരെ പൊലീസ് ലാത്തി വീശി. കല്ലിടൽ തടയാനെത്തിയ 16പേരെ പൊലീസ് അറസ്റ്റുചെയ്‌തു.
ഇന്നലെ രാവിലെ 9ഓടെയാണ് കല്ലിടാനായി ഉദ്യോഗസ്ഥർ പൊലീസിനൊപ്പമെത്തിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സമരസമിതി പ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരെ തടഞ്ഞു. കല്ലിടൽ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് സമരസമിതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി പൊലീസ് സംസാരിച്ചു. തങ്ങൾ വന്നശേഷം കല്ലിട്ടാൽ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. അതിനിടെ സമരസമിതി നേതാക്കളെ ഒരാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളായത്. പിന്നാലെ സമരസമിതി അംഗങ്ങളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റുചെയ്‌തശേഷമാണ് ഉദ്യോഗസ്ഥർ കല്ലിട്ടത്. സംഘർഷമുണ്ടാകുമെന്ന സൂചനയെത്തുടർന്ന് വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് രാവിലെ ക്യാമ്പ് ചെയ്‌തിരുന്നു.
സമരസമിതി പ്രാദേശിക നേതാക്കളായ ആലംകോട് എ. കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ.എസ്. സുലൈമാൻ, സുൽത്താൻ, സമരസമിതി നേതാക്കളായ എ. ഷൈജു, ആർ. കുമാർ, ഗോവിന്ദ് ശശി, അജിത് മാത്യു, എസ്. മിനി എന്നിവരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്കും കോൺഗ്രസ് നേതാക്കളായ എം.ജെ. ആനന്ദ്, ബി.എസ്. അനൂപ്, സജികുമാർ, അൻസാർ, ഒലീദ്, അസീസ് കിനാരുവിള, ജമാൽ, രാധാകൃഷ്ണൻ എന്നിവരെ കല്ലമ്പലം സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. വസ്‌തു ഉടമകൾക്കുമേൽ ബലപ്രയോഗം പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് ആലംകോട്ട് നടന്നതെന്ന് കെ റയിൽ വിരുദ്ധ സമരസമിതി രക്ഷാധികാരി ശൈവ പ്രസാദ്, ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കരവാരം എന്നിവർ പറഞ്ഞു. സമരസമിതി പ്രവർത്തകരെ അറസ്റ്റുചെയ്‌തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.