
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ പേരെടുത്ത് പറയാതെ വ്യക്തിയധിക്ഷേപം നടത്തിയ മുൻമന്ത്രിയും പാർട്ടി സഹയാത്രികനുമായ ഡോ.കെ.ടി. ജലീൽ എം.എൽ.എയോട് മുഖം തിരിച്ച് സി.പി.എം നേതൃത്വം.
ജലീലിന്റെ വിമർശനങ്ങൾ പാർട്ടി നയമല്ലെന്നാണ് സി.പി.എം പറയാതെ പറയുന്നത്. എന്നാൽ ജലീൽ വിമർശിക്കുന്നത് തടഞ്ഞിട്ടുമില്ല. ജലീലിന്റെ ആക്ഷേപങ്ങൾ വ്യക്തിപരമാണെന്ന് സി.പി.ഐയും വ്യക്തമാക്കിയതോടെ ഏറ്റുപിടിക്കാൻ ആരുമില്ലാതെ ജലീൽ ഒറ്റപ്പെട്ടു.
ജലീലിന്റെ ആക്ഷേപങ്ങൾ സി.പി.എം മുഖപത്രവും തിരസ്കരിച്ചു. മലപ്പുറത്തെ എ.ആർ നഗർ സഹകരണബാങ്ക് ക്രമക്കേട് ഇ.ഡി അന്വേഷിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രി തന്നെ പരസ്യമായി തള്ളിയിരുന്നു.
ജലീൽ സ്വന്തം നിലയിൽ നടത്തുന്ന വിമർശനങ്ങൾ ഏറ്റുപിടിക്കേണ്ടെന്നാണ് സി.പി.എം ചിന്തിക്കുന്നത്. ലോകായുക്തയെ നിയമിച്ചത് ജലീലും അംഗമായ ഒന്നാം പിണറായി സർക്കാരാണ്. സ്വന്തം സർക്കാരിന്റെ നിയമനത്തെ ചോദ്യം ചെയ്യുന്ന വിമർശനം അതിരു കടന്നതാവുമെന്ന് സി.പി.എം കരുതുന്നു. മാത്രവുമല്ല, നിയമഭേദഗതി ലോകായുക്തയായ ജഡ്ജിയോടുള്ള വ്യക്തിവിരോധം കൊണ്ടാണെന്ന തോന്നൽ ജനങ്ങൾക്കു നൽകാനും സി.പി.എം ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും എതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതിയെന്ന പ്രതിപക്ഷ വിമർശനത്തിന് അത് കരുത്ത് പകരും. ജലീലിന്റെ രാജിയിലേക്ക് നയിച്ച ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലാണ് നിയമഭേദഗതിയെന്ന പ്രതിപക്ഷവാദം ശരിവയ്‌ക്കാനും അതിടയാക്കും. അത്തരം വ്യാഖ്യാനങ്ങൾ പാർട്ടിയെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് സി.പി.എം കരുതുന്നു.
നിയമഭേദഗതിക്ക് പിന്നിൽ വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
നിയമഭേദഗതിക്ക് കാരണം ജലീലിന്റെയോ മറ്രാരുടെയെങ്കിലുമോ വ്യക്തിപരമായ അനുഭവങ്ങളല്ലെന്നാണ് വിശദീകരണം. ലോകായുക്ത നിയമത്തിലെ സെക്‌ഷൻ 14ൽ പഴുതുകളുണ്ടെന്നും അത് സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഉപയോഗിക്കാമെന്നുമാണ് കോടിയേരി പറഞ്ഞത്. ലോകായുക്ത മറ്രൊരാളായാലും അതിന് അവസരമുണ്ട്. അത് തടയാനാണ് ഓർഡിനൻസെന്നാണ് വാദം.
ലോകായുക്തയ്ക്കെതിരായ വ്യക്തിപരമായ വിമർശനങ്ങൾ ഏറ്റുപിടിച്ചാൽ സർക്കാർ നിയമനങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടുമെന്നും സി.പി.എം കരുതുന്നുണ്ട്. ജലീലിന്റെ വിമർശനങ്ങൾ അത്തരം പുകമറ സൃഷ്ടിച്ചെന്നും വിലയിരുത്തലുണ്ട്.
ലോകായുക്തയെവീണ്ടും വിമർശിച്ച് ജലീൽ, അവസാനംവരെ പാർട്ടിക്കൊപ്പമെന്ന് പോസ്റ്റ്
ലോകായുക്തയെ വീണ്ടും വ്യക്തിപരമായി ഫേസ് ബുക്കിലൂടെ വിമർശിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി.ജലീൽ. പന്ത്രണ്ട് ദിവസം കൊണ്ട് ഒരു കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർകക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തേക്കാളും വേഗത്തിൽ വിധി പറഞ്ഞെന്നാണ് ആക്ഷേപം.
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലെ തനിക്കെതിരായ ബന്ധുനിയമനക്കേസിലെ ലോകായുക്തവിധിയെ സൂചിപ്പിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. രാഷ്ട്രീയകേന്ദ്രങ്ങളിൽ ജലീലിന്റെ നീക്കങ്ങൾ ചർച്ചയായതോടെ അദ്ദേഹം പുതിയ പോസ്റ്റിട്ടു: "വിരമിച്ച സുപ്രീം കോടതി ജഡ്ജിമാർ ദുർലഭമായ സാഹചര്യത്തിലായിരുന്നു അന്നത്തെ നിയമനം. പുതിയ ഭേദഗതിയിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ മതി. പോരാട്ടം തുടരും. ഒരിഞ്ച് പിറകോട്ടില്ല. വിമർശനം വസ്തുതാപരം. അതിന്റെ പേരിൽ തൂക്കിലേറ്റപ്പെടാനും തയ്യാർ. മരണം വരെ പാർട്ടിക്കൊപ്പം"
ആദ്യ പോസ്റ്റിൽ നിന്ന്: " 2021 മാർച്ച് 25ന് പ്രാഥമികാന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തിരഞ്ഞെടുപ്പു ദിവസമായ ഏപ്രിൽ ആറിന് മുമ്പ് ബോംബ് പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു യു.ഡി.എഫിന്റെ ലക്ഷ്യം. സുപ്രീംകോടതിയിൽ മൂന്നരക്കൊല്ലത്തിനിടയിൽ കേവലം ആറ് വിധികൾ മാത്രം പറയുകയും അഭയക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത മഹാനാണ് (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർകക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തേക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.
'കെ.ടി. ജലീലിന്റെ ആക്ഷേപങ്ങൾ വ്യക്തിപരമാണ്. ജലീൽ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല. വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം പറഞ്ഞത്".
- കാനം രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി