
തിരുവനന്തപുരം: രാജ്യത്ത് വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ 'മോസ്റ്റ് വെൽക്കമിംഗ് റീജിയൺ' വിഭാഗത്തിൽ കേരളം ഒന്നാമതെത്തി. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കൊവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. ഗോവ, പുതുച്ചേരി, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
മാരാരിക്കുളം, തേക്കടി, വർക്കല എന്നിവ ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ച് പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
താമസത്തിന് ഹോട്ടലുകളോടാണ് ആഭ്യന്തര സഞ്ചാരികൾക്ക് ഏറ്റവുമധികം താത്പര്യമെന്ന് സർവേയിൽ പറയുന്നു.
ഈ വർഷം ലോകത്ത് ഏറ്റവും സ്വാഗതാർഹമായ പ്രദേശങ്ങളിൽ ഗോറെൻജ് സ്‌ക (സ്ലൊവേനിയ), ടൈറ്റംഗ് കൗണ്ടി (തായ് വാൻ),ടാസ്മാനിയ (ഓസ്‌ട്രേലിയ) എന്നിവ ഉൾപ്പെടുന്നു.