വിഴിഞ്ഞം: 14വയസുകാരിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പ് ഇന്ന് നടക്കുമെന്ന് ഫോർട്ട് എ.സി എസ്. ഷാജി അറിയിച്ചു. മുല്ലൂരിൽ വൃദ്ധയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ തെളിവെടുപ്പ് പൂർത്തിയായശേഷം തിരികെ കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി (50), റഫീക്കയുടെ മകൻ ഷഫീക്ക് (23) എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് 14കാരിയുടെ മരണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുടെയും പ്രതിഷേധിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ പൊലീസുകാർ തെളിവെടുപ്പിനുണ്ടാകും. കോവളം കല്ലുവെട്ടാൻകുഴി തുംബ്ളിയോട് അഞ്ചുവർഷം മുമ്പ് നടന്ന യുവതിയുടെ ദുരൂഹ മരണത്തിലും ഇവർക്ക് പങ്കുണ്ടോയെന്ന് കോവളം പൊലീസ് അന്വേഷിക്കും.