നെടുമങ്ങാട്: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകൾ പുനരാരംഭിക്കണമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന കൺവീനർ ആനാട് ജയൻ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുപോകുന്നതിന് ഗവൺമെന്റ് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാട്ടിൽ ഭൂരിപക്ഷം കുടുംബങ്ങളിലും കൊവിഡിന്റെ മൂന്നാം തരംഗം പ്രതിഫലിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ ഉണ്ടാകുന്നില്ല, രോഗം ബാധിച്ച ജനങ്ങൾ പരിശോധനയ്ക്ക് വിധേയമാകുന്നത് തന്നെ അപൂർവ്വമായി മാറിയെന്ന് ആനാട് ജയൻ കുറ്റപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും ആരോഗ്യ വകുപ്പും ജനപ്രതിനിധികളും ശക്തമായ മുൻകരുതലുകൾ ഇക്കാര്യത്തിൽ എടുത്തില്ലെങ്കിൽ ഈ രോഗം വ്യാപകമായി പടർന്നുപിടിക്കും കുടുംബങ്ങൾ സാമ്പത്തികമായി വളരെയധികം പ്രതിസന്ധികൾ നേരിടുമ്പോൾ അവരെ സഹായിക്കുവാൻ ഭരണസംവിധാനം മുന്നോട്ടുവരണമെന്നും ആനാട് ജയൻ പ്രസ്താവനയിൽ പറഞ്ഞു.