
തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള ജോലികൾ ആറ് മാസത്തിനകം ആരംഭിക്കും. മറ്റ് തടസങ്ങളില്ലെങ്കിൽ 2025ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള അനുബന്ധ റോഡുകൾ വീതി കൂട്ടി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികൾ അവസാനഘട്ടത്തിലാണ്. ശാസ്തമംഗലം മുതൽ മണ്ണാറക്കോണം വരെയുള്ള ആദ്യ റീച്ചിലെ കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയായി. രണ്ടാമത്തേയും മൂന്നാമത്തെയും റീച്ചുകളുടെ മൂല്യനിർണയം ഇപ്പോൾ പുരോഗമിക്കുകയാണ്.
പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ 186 കടകൾക്കാണ് പുനരധിവാസം ഒരുക്കേണ്ടത്. കേരള റോഡ് ഫണ്ട് ബോർഡാണിനാണ് റോഡ് വികസന ചുമതല. കടകളുടെ കൃത്യമായ വിവരങ്ങൾ ഇതിനോടകം ശേഖരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി തോപ്പ് മുക്ക് മണ്ണറകോണം ഭാഗത്ത് മൂന്ന് ഏക്കർ സ്ഥലം ട്രിഡ ഏറ്റെടുക്കുകയാണ്.
കഴിഞ്ഞ ദിവസം കിഫ്ബി, റവന്യൂ, തദ്ദേശ വകുപ്പുകളുടെ യോഗം ചേർന്ന് ത്രികക്ഷി കരാർ ഒപ്പിട്ടു. റവന്യൂ നഷ്ടപരിഹാര പാക്കേജ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും അനുബന്ധ റോഡുകളുടെ വികസനവും പൊതുമരാമത്ത് വകുപ്പ് പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിലെ പദ്ധതിയുമായാണ് നടപ്പാക്കുക.