
കല്ലമ്പലം: പള്ളിക്കൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. പള്ളിക്കൽ പാറവിള വീട്ടിൽ വൈശാഖിനാണ് (33) പരിക്കേറ്റത്. നാട്ടുകാർ വൈശാഖിനെ മീയണ്ണൂർ അസീസിയ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് കൈകൾക്കും പൊട്ടലുണ്ട്. കണ്ണിലും മൂക്കിന് താഴെയും ആഴത്തിലുള്ള മുറിവുകളുണ്ട്.
വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 5ന് പള്ളിക്കലിൽ നിന്ന് ആയൂരിലേക്ക് ബൈക്കിൽ പോകവേ കല്ലടതണ്ണിയിൽ വച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.
ഇവിടെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അഞ്ചോളം പേർ കാട്ടുപന്നിയുടെ അക്രമണത്തിനിരയായിട്ടുണ്ട്.
അപകട സ്ഥലത്തെത്തിയ വാർഡ് മെമ്പർ എസ്.എസ്. ബിജുവിനോട് ഈ പ്രദേശം വന്യജീവി ആക്രമണത്തിന് ഇടയിലുള്ള പ്രദേശമാണെന്ന നിലയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും, അപകടം പറ്റുന്നവർക്കുള്ള ചികിത്സാ സഹായം വനം വകുപ്പിൽ നിന്ന് ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീനയടക്കമുള്ള ഭരണസമിതി അംഗങ്ങൾ വൈശാഖിനെ സന്ദർശിച്ചു. തുടർന്ന് പാലോട് റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മറ്റും ചർച്ച ചെയ്തു. വനം വകുപ്പിൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിലും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തരമായി റോഡിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മനുഷ്യർക്കും വിളകൾക്കും ഒരു പോലെ നാശം വിതയ്ക്കുന്ന കാട്ടുപന്നി ശല്യത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.