കുളത്തൂർ: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചൂട് ചായ ഒഴിച്ചതായി പരാതി. യുവതി തന്നെ മർദ്ദിച്ചതായി ആശുപത്രിയിലെ ജീവനക്കാരനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാവിലെ 5 നായിരുന്നു സംഭവം. ആശുപത്രി കാന്റീനിൽ ചായ കുടിക്കാനെത്തിയ മേനംകുളം സ്വദേശി രാജിയാണ് ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്ത് ചൂട് ചായ ഒഴിച്ചതായി കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്.

ചായ കുടിക്കാനെത്തിയ യുവതിയോട്, സ്കൂട്ടർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. താൻ വാഹനം പാർക്ക് ചെയ്യാനല്ല എത്തിയതെന്നും ചായ കുടിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ മടങ്ങുമെന്നും യുവതി പറഞ്ഞെങ്കിലും സെക്യൂരിറ്റിയും ആശുപത്രി ജീവനക്കാരനും അകാരണമായി തന്നെ തെറി വിളിക്കുകയും സംസാരത്തിനിടെ ജീവനക്കാരൻ ചായ മുഖത്തേക്കൊഴിക്കുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

എന്നാൽ ക്യാന്റിന് സമീപം ചായ കുടിച്ചു കൊണ്ടിരിക്കെയാണ് യുവതി എത്തിയതെന്നും കെെയിൽ ചായയുമായി യുവതിയുടെ അടുക്കലെത്തി വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ സമയത്ത് തന്റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ യുവതിയുടെ ദേഹത്ത് വീണതാണെന്നും, യുവതിയും അമ്മയും ചേർന്ന് തന്നെയും സെക്യൂരിറ്റിയേയും കൈയേറ്റം ചെയ്തതായും ജീവനക്കാരൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവം അന്വേഷിച്ച പൊലീസ് ഇരു കൂട്ടർക്കെതിരെയും കേസെടുത്തു.