
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക പ്രവർത്തനക്ഷമതയെക്കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് വിശദ പദ്ധതിരേഖ (ഡി.പി.ആർ) പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭയിൽ ശൂന്യവേളയിൽ താൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്റി റാവോസാഹിബ് പാട്ടിൽ ധൻവെ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും പൊതുജനത്തിനുണ്ട്. അതിന് ആക്കം കൂട്ടുന്നതാണ് കേന്ദ്ര മന്ത്റിയുടെ മറുപടി.
ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്. സ്ഥലമേറ്റെടുപ്പും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ഇതെല്ലാം ജനങ്ങളിൽ നിന്നു മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരൻ പറഞ്ഞു.