
തിരുവനന്തപുരം: 18 മുതൽ മാർച്ച് 24 വരെ രണ്ട് ഘട്ടങ്ങളിലായി 17 ദിവസങ്ങളിൽ നിയമസഭ സമ്മേളിക്കുന്നത് ആലോചനയിൽ. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ അന്തിമധാരണയിലെത്തും. മുഖ്യമന്ത്രി യു.എ.ഇയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. നിയമസഭ സമ്മേളിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യേണ്ടതുണ്ട്.
പുതിയ വർഷത്തെ സമ്മേളനം നയപ്രഖ്യാപനത്തോടെ വേണമെന്നതിനാൽ ഗവർണറുടെ സൗകര്യം കൂടി ആരായണം. ഇക്കാര്യത്തിൽ ഗവർണറുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. മാർച്ച് ഒന്ന് മുതൽ നാല് വരെ സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത് നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിതിഗതികൾ ഫെബ്രുവരി പകുതിയോടെ വിലയിരുത്തിയാവും തീയതി മാറ്റണോ വേണ്ടയോ എന്ന് സി.പി.എം അന്തിമ തീരുമാനമെടുക്കുക. സമ്മേളനം നിശ്ചയിച്ച തീയതിയിൽ നടത്തിയാൽ ആ ഘട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് ഇടവേളയുണ്ടാകും.
ഇതടക്കം കണക്കിലെടുത്താണ് രണ്ട് ഘട്ടങ്ങളിൽ ചേരാൻ നിശ്ചയിച്ചിരുന്നത്. 18ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ശേഷം അടുത്ത ദിവസം അന്തരിച്ച പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് പിരിയും. തുടർന്നുള്ള മൂന്ന് ദിവസം നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാകും. അതിന് ശേഷം താത്കാലികമായി പിരിയും. തുടർന്ന് വീണ്ടും ചേർന്നാകും ബഡ്ജറ്റവതരണവും അനുബന്ധ ചർച്ചകളും.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാലേ നിയമസഭ വിളിക്കാനുള്ള തീരുമാനമെടുക്കാനാവൂ. ഒപ്പിടാതെ തിരിച്ചയച്ചാൽ ബില്ലായി സഭാസമ്മേളനത്തിൽ കൊണ്ടുവരാനും സർക്കാർ മുതിർന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.