
കല്ലമ്പലം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ പുസ്തകം പ്രകാശനം ചെയ്തു. ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ പ്രൈമറി സ്കൂൾ അദ്ധ്യാപികയായിരുന്ന ഗംഗാദേവി പി.സിയുടെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ എന്ന കുട്ടിക്കവിതകളുടെ സമാഹാരമാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.സുഭാഷ് പുസ്തകം വനിതാവേദി പ്രസിഡന്റ് റജൂല വിജയന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. സിനിമാതാരം ആർ.സുബ്ബലക്ഷ്മി ഓൺലൈനിലൂടെ ആശംസകൾ നേർന്നു. ഗ്രന്ഥശാലാ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, വനിതാവേദി സെക്രട്ടറി ആനിപവിത്രൻ, ആർ.രേണുക എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശിവഗിരി തീർത്ഥാടന സാഹിത്യ മത്സര വിജയിയായ സുജാത കെ.ജിയെ അനുമോദിച്ചു. വനിതാവേദിയുടെ സാഹിത്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.