p

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിന് മന്ത്രി ആ‌‌ർ.ബിന്ദു ഗവർണർക്ക് ശുപാർശക്കത്ത് നൽകിയ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ ഫയൽചെയ്ത പരാതിയിൽ ഇന്ന് തുടർവാദം ഓൺലൈനായി കേൾക്കും. ലോകയുക്ത നിയമഭേദഗതി ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് സർക്കാർ സമർപ്പിച്ചിരിക്കുന്നതിനിടെയാണ് ലോകയുക്ത തുടർവാദം കേൾക്കുന്നത്. കഴിഞ്ഞമാസം കോടതി കേസ് പരിഗണിച്ചപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വി.സി നിയമനത്തിന് രൂപീകരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കി, ഡോ. ഗോപിനാഥ് രവീന്ദ്രന് ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് തലേദിവസം പുനർനിയമനം നൽകണമെന്ന് ഗവർണറോട് രേഖാമൂലം ആവശ്യപ്പെട്ടത് അധികാരദുർവിനിയോഗമാണെന്നാണ് ഹർജിക്കാരന്റെ വാദം. നാളത്തെ വാദം പൂർത്തിയായ ശേഷമായിരിക്കും പരാതി ഫയലിൽ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.