kk

തിരുവനന്തപുരം: പാർലമെന്ററി കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയുൾപ്പെടെ 14 ഐ.എ.എസ് ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. രാജു നാരായണ സ്വാമി, എം.ജി. രാജമാണിക്യം, വീണ എൻ. മാധവൻ, പി.ബി. നൂഹ്, ടി.വി. സുഭാഷ്, എച്ച്. ദിനേശൻ, വിനോദ് വി.ആർ, ജോൺ വി. സാമുവൽ, എൻ. ദേവിദാസ്, ഡോ. വിനയ് ഗോയൽ, അനുപം മിശ്ര, അരുൺ കെ. വിജയൻ, അർജുൻ പാണ്ഡ്യൻ, എസ്. പ്രേം കൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരായി പോകുന്നത്.

ഇതേത്തുടർന്ന് ഇവരുടെ താത്കാലിക ചുമതല മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കൈമാറി. രാജു നാരായണസ്വാമിയുടെ പാർലമെന്ററികാര്യം, സൈനികക്ഷേമം, അച്ചടി - സ്റ്റേഷനറി വകുപ്പുകളുടെ താത്കാലിക ചുമതല ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനാണ്. രാജമാണിക്യത്തിന് പകരം വി.ആർ.കെ. തേജ മൈലാവരപ് കെ.എസ്.ഐ.ഡി.സി എം.ഡിയുടെ ചുമതല നിർവഹിക്കും.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല ബി. അബ്ദുൾ നാസറിനാണ്. വീണ മാധവന് പകരം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ചുമതല അഡിഷണൽ സെക്രട്ടറി സി. അജയൻ നിർവഹിക്കും. സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടറുടെ ചുമതല ജോയിന്റ് ഡയറക്ടർ മിനി കൃഷ്ണനാണ്.

പി.ബി. നൂഹിന് പകരം സഹകരണസംഘം രജിസ്ട്രാറുടെ ചുമതല അഡിഷണൽ രജിസ്ട്രാർ ബിനോയ് കുമാറിനാണ്. ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതല മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി ഡി. ബാലമുരളി നിർവഹിക്കും. കാർഷിക വികസന വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷിന് പകരം ചുമതല അഡിഷണൽ ഡയറക്ടർ വി.ആർ. സോനിയക്കാണ്. എച്ച്. ദിനേശന് പകരം പഞ്ചായത്ത് ഡയറക്ടറുടെ ചുമതല അഡിഷണൽ ഡയറക്ടർ അജിത് കുമാറിനാണ്.

വി.ആർ. വിനോദിന് പകരം മാരിടൈം ബോർഡ് സി.ഇ.ഒയുടെ ചുമതല ചീഫ് മെക്കാനിക്കൽ എൻജിനിയർ രാജീവ് മോൻ നിർവഹിക്കും. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ചുമതല ജോയിന്റ് കമ്മിഷണർ മോനി എമ്മിനാണ്. ജോൺ വി. സാമുവലിന് പകരം കയർ വികസന ഡയറക്ടറുടെ ചുമതല കൈത്തറി ഡയറക്ടർ കെ.എസ്. പ്രദീപ്കുമാറിനും ഭൂഗർഭ ജലവകുപ്പ് ഡയറക്ടറുടെ ചുമതല ജല അതോറിട്ടി എം.ഡി എസ്. വെങ്കടേശപതിക്കുമാണ്.

എൻ. ദേവിദാസിന് പകരം ഹൗസിംഗ് കമ്മിഷണറുടെ ചുമതല ഹൗസിംഗ് ചീഫ് പ്ലാനർ യു. ഊർമിള രാജിനാണ്. ഹൗസിംഗ് സെക്രട്ടറിയുടെ ചുമതല അഡിഷണൽ സെക്രട്ടറി കെ. ബാബു നിർവഹിക്കും. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥനായിരിക്കും.