തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭ കൺട്രോൾ റൂമിന്റെ പ്രവർത്തനം സജീവമാക്കി. പ്രവർത്തനങ്ങൾ നേരിൽക്കണ്ട് വിലയിരുത്തുന്നതിന് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ നഗരസഭ കൺട്രോൾ റൂം സന്ദർശിച്ചു. ഡോക്ടർമാരുമായും വോളന്റിയർമാരുമായും സംവദിച്ച മന്ത്രി നഗരസഭ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പറഞ്ഞു. നഗരസഭ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നൽകുന്ന വിവിധ സേവനങ്ങളെ സംബന്ധിച്ച് വിലയിരുത്തിയ മന്ത്രി ഇത്തരം പ്രവർത്തനങ്ങൾ നഗരത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്ന് പറഞ്ഞു.
കൺട്രോൾ റൂം പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസിന്റെ സേവനം വ്യാപകമാക്കി. ഇന്നലെ 26 രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നഗരസഭ ആംബുലൻസ് സംവിധാനം ഉപയോഗിച്ചു. ഇതുവരെ 614 രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. ഫോൺ: 0471-2377702, 0471-2377706, 9496434440.