
തിരുവനന്തപുരം: ലക്ഷദ്വീപ് യാത്ര കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകുന്നേരത്തോടെ രാജ്ഭവനിൽ തിരിച്ചെത്തും. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന്മേൽ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപങ്ങളിൽ ഗവർണർ സർക്കാരിനോട് കഴിഞ്ഞ ശനിയാഴ്ച വിശദീകരണം തേടിയിരുന്നു. ഗവർണർ തിരിച്ചെത്തുന്ന സ്ഥിതിക്ക് സർക്കാർ ഇന്ന് വിശദീകരണം നൽകുമെന്നാണ് സൂചന. ഇതുകൂടി പരിശോധിച്ച ശേഷമാകും ഓർഡിനൻസിന്റെ കാര്യത്തിൽ ഗവർണർ തുടർനടപടി കൈക്കൊള്ളുക.
മന്ത്രി രാജീവിനും കോടിയേരിക്കും എതിരെ അവകാശലംഘന നോട്ടീസ്
ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി പി. രാജീവിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ പ്രതിപക്ഷം നിയമസഭാ സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി.
നിയമസഭ പാസാക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതികൾക്ക് മാത്രമാണെന്നിരിക്കെ, രാജീവ് പ്രസ്താവനയിലൂടെയും കോടിയേരി ലേഖനത്തിലൂടെയും വിമർശിച്ചത് നിയമസഭയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
കേരള നിയമസഭ 1999 ഫെബ്രുവരി 22ന് പാസാക്കിയ ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇതുവരെ ഒരു നീതിന്യായ കോടതിയും നിരീക്ഷിക്കുകയോ വിധി പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്രസർക്കാരും എൽഫിൻസ്റ്റോൺ സ്പിന്നിംഗ് ആൻഡ് വീവിംഗും തമ്മിലെ കേസിൽ 2001 ജനുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ, നിയമനിർമാണ സഭ പാസാക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണോയെന്ന് കോടതി കണ്ടെത്തുന്നതുവരെ അതങ്ങനെയായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങളുടെ ഭരണഘടനാസാധുത തീരുമാനിക്കുന്നതു സംബന്ധിച്ച കോടതികളുടെ പരമാധികാരം വ്യക്തമാക്കിക്കൊണ്ട് കേരള നിയമസഭയിൽ പല ബില്ലുകളുടെയും ചർച്ചാവേളയിൽ സ്പീക്കർമാരിൽ നിന്ന് നിരവധി റൂളിംഗുകളുണ്ടായിട്ടുണ്ട്.
സഭ ഐകകണ്ഠ്യേന പാസാക്കിയതും രാഷ്ട്രപതിയുടെ അനുമതി നേടിയതുമായ നിയമമാണിത്. ഇതിന്റെ ഭാഗമായി നടന്ന ഒരു പരിശോധനയിലും ഇതിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടില്ല. ഭരണഘടനാവിരുദ്ധമാണെന്ന് സഭയ്ക്ക് പുറത്ത് ആക്ഷേപമുന്നയിക്കുകയും സഭയെ വിശ്വാസത്തിലെടുക്കാതെ ഓർഡിനൻസ് വഴി നിയമനിർമാണം നടത്തുന്നതും സഭയെ അവഹേളിക്കലാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
പുതിയ കുറിപ്പുമായി ജലീൽ
ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേയെന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്. അന്ന് നിലവിലെ നിയമപ്രകാരം യോഗ്യരായ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവിയേറ്റെടുക്കാൻ തയ്യാറാകാതെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ സർക്കാരിന് മുന്നിലില്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറേണ്ടെന്നും ജലീൽ പറഞ്ഞു.