
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഒാൺലൈനായി ചേർന്ന അവലോകനയോഗം വിലയിരുത്തി. അടുത്ത ഞായറാഴ്ചയും ലോക് ഡൗൺ സമാന നിയന്ത്രണം തുടരും. രാത്രികാല കർഫ്യൂ ഉൾപ്പെടെ പുതിയ നിയന്ത്രണങ്ങൾ തത്കാലമില്ല. എ,ബി,സി കാറ്റഗറിയിൽ ജില്ലാ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടരും.
ഗുരുതരരോഗമുള്ള, കൊവിഡ് പോസിറ്റീവ് ആയവർക്ക് ആശുപത്രികൾ ചികിത്സ നിഷേധിച്ചാൽ കർശനനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുറയും. മൂന്നാംവാരത്തോടെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് വരുമെന്നും വിലയിരുത്തി. ആശുപത്രികളിലും ഐ.സി.യുകളിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുത്താൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കൊവിഡ് റാൻഡം പരിശോധന 20 ശതമാനമായിരുന്നത് രണ്ടുശതമാനമാക്കി. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന തുടരേണ്ടതില്ല. മറ്റേതെങ്കിലും വകഭേദം പുതുതായി രൂപപ്പെട്ടോ എന്നറിയാനാണ് രണ്ട് ശതമാനം പരിശോധന. രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവും കുട്ടികളുടേത് 71ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് മരണ ധനസഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധനസഹായം നൽകി.