
തിരുവനന്തപുരം: സർവർ തകരാർ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വർദ്ധനവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജനുവരിയിലെ റേഷൻ വിതരണം നീട്ടേണ്ടതില്ലെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇന്നു മുതൽ ഫെബ്രുവരിയിലെ റേഷനാകും ലഭിക്കുക. സംസ്ഥാനത്ത് നിലവിലുള്ള 91,81,378 റേഷൻ കാർഡുടമകളിൽ 85.40 ശതമാനം (78,38,669പേർ) റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നലെ മാത്രം 8,09,126 കാർഡുടമകൾ റേഷൻ കൈപ്പറ്റി.
സർവർ തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് ജനുവരി 13 മുതൽ 25 വരെ റേഷൻ വിതരണത്തിൽ സമയ ക്രമീകരണം കെണ്ടുവന്നത്. ജനുവരി 27 മുതൽ സമയക്രമീകരണം പൂർണ്ണമായി പിൻവലിക്കുകയും ചെയ്തു. 27,28,29,31 എന്നീ ദിവസങ്ങളിലായി 31 ലക്ഷം കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റിയത്. സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററും സ്റ്റേറ്റ് ഐ.ടി മിഷനും ഇന്നലേയും വിലയിരുത്തി. സാങ്കേതികമായതോ നെറ്റ് വർക്ക് സംബന്ധമായതോ ആയ പരാതികൾ ഒന്നുംതന്നെ ഇന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.
റേഷൻ കടകളുടെ പ്രവർത്തന സമയം, റേഷൻ വിതരണം, സ്റ്റോക്കുകളുടെ ലഭ്യത, ഇപോസ് മെഷീന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിനായി സിവിൽ സപ്ലൈസ് ഡറക്ടറേറ്റിൽ പ്രത്യേക സെൽ പ്രവർത്തിച്ചുവരികയാണ്. റേഷൻ ഷോപ്പുകളിൽ നിലവിലുള്ള നെറ്റ് വർക്ക് സംബന്ധമായ വിഷയങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനും യുക്തമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി പ്രത്യേക സ്‌ക്വാഡുകളും ഉണ്ട്.
കഴിഞ്ഞ 4 മാസത്തെ റേഷൻ വിതരണം
മാസം ----കാർഡ് ഉടമകൾ------ ശതമാനം
സെപ്തംബർ------ 91,10,237 -------- 77.39
ഒക്ടോബർ ------- 91,25,164------- 82.45
നവംബർ -------- 91,43,427 ------ 80.89
ഡിസംബർ -------- 91,64,822 ------- 82.56