
തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂട്ടാനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി.ഇന്നലെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. വിദേശത്തു നിന്ന് തിരിച്ചെത്തിയ റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് കൊവിഡ് നിരീക്ഷണത്തിലായതിനാൽ അപേക്ഷയിൽ മറ്റ് നടപടികളെടുക്കുകയോ,വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയോ ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ അപേക്ഷ വെബ് സൈറ്റിൽ പ്രദർശിപ്പിക്കും. തുടർന്ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയായിരിക്കും താരിഫ് പരിഷ്ക്കരണത്തിൽ അന്തിമ തീരുമാനമെടുക്കുക.
വരവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന എ.ആർ.ആർ. പെറ്റീഷനും നിരക്ക് കൂട്ടാൻ അനുമതി തേടുന്ന താരിഫ് പെറ്റീഷനും ഉൾപ്പെടെ കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിൽ രണ്ടു ഭാഗങ്ങളാണുള്ളത്.
2021 വരെ 8719 കോടി നഷ്ടമാണ് പറയുന്നത്. 2022-23ൽ 2809.17കോടിയും 2027 വരെ ഒാരോ വർഷവും 3986.15കോടി, 4136.94കോടി, 4629.72കോടി, 5135.77കോടി എന്നിങ്ങിനെ വരവും ചെലവും തമ്മിൽ അന്തരമുണ്ടാകും. അതനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയിൽ 2022-23ൽ 1.19രൂപയും പിന്നെ 2027 വരെയുള്ള വർഷങ്ങളിൽ1.55രൂപ,1.54രൂപ,1,54രൂപ,1,64രൂപ,1,78രൂപ എന്നിങ്ങനെ അധികച്ചെലവുണ്ടാകുമെന്നും പറയുന്നു.
ഇൗ അവകാശവാദം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ശേഷമായിരിക്കും താരിഫ് വർദ്ധന വേണമെന്ന അപേക്ഷയിലെ തെളിവെടുപ്പ്.
ചരിത്രത്തിലാദ്യമായി കെ.എസ്.ഇ.ബി. 28,149കോടി രൂപയുടെ വമ്പൻ മൂലധന നിക്ഷേപം നടത്തുകയും ആറായിരത്തോളം അധിക ജീവനക്കാരുടെ ബാദ്ധ്യത റെഗുലേറ്ററി കമ്മിഷനെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുന്നതോടെയാണ് വൈദ്യുതി ഉൽപാദന - വിതരണത്തിൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുന്നത്. അതെല്ലാം ഉപഭോക്താക്കളുടെ മേൽ നിരക്ക് വർദ്ധനയായി അടിച്ചേൽപിക്കാനാണ് പുതിയ നീക്കം. അത് സർക്കാരും റെഗുലേറ്ററി കമ്മിഷനും എത്രമാത്രം അംഗീകരിക്കും എന്നത് അനുസരിച്ചായിരിക്കും നിരക്ക് വർദ്ധന. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളും വ്യവസായ,വാണിജ്യ,വ്യാപാര മേഖലയും വൻസാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വലിയ നിരക്ക് വർദ്ധന ആശാസ്യമല്ലെന്ന കാഴ്ചപ്പാടാണ് സർക്കാരിന്.