തിരുവനന്തപുരം: നാല് മാസം വളർച്ചയെത്തിയ കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ച യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സിജിയെയാണ് (24) ​വലിയതുറ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നായിരുന്നു സംഭവം. ഗുളിക കഴിച്ച് ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം ബക്കറ്റിലാക്കി ഉപേക്ഷിച്ചെന്നാണ് കേസ്.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സിജി ഗർഭം അലസിപ്പിക്കാനായി പലപ്പോഴായി മരുന്ന് കഴിച്ചിരുന്നു. ഭ്രൂണം കൊണ്ടുപോകാനായി ഉപയോഗിച്ച ബക്കറ്റ് വൃത്തിയാക്കുന്നതു കണ്ട് സംശയം തോന്നി മറ്റുള്ളവർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. സിജിയെ കസ്‌റ്റഡിയിലെടുത്ത പൊലീസ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. ഭ്രൂണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്‌ക്ക് വിധേയമാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സിജി കുറ്റം സ​മ്മതിച്ചത്.