മാനന്തവാടി: വനം വകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വനംവകുപ്പ് താത്കാലിക ജീവനക്കാരനായിരുന്ന ബേഗൂർ കാട്ടുനായ്ക്ക കോളനിയിലെ മുകുന്ദന് 12 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഇടിഞ്ഞു വീഴാറായ വീട്ടിൽ ദുരിതം പേറി ജീവിക്കുകയാണ് മുകുന്ദനും കുടുംബവും.
2009 ൽ തോൽപ്പെട്ടിയിൽ വനംവകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു മുകുന്ദനുൾപ്പടെ 14 അംഗങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
കൂടെയുണ്ടായിരുന്ന ഗോത്രവിഭാഗത്തിൽപെട്ട ഇ.ഡി.സി അംഗങ്ങളായ വാച്ചർമാർ വിനോദും മാസ്തിയും മരിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മുകുന്ദൻ ശരീരം തളർന്ന് കിടപ്പിലായി.
അപകടം പറ്റിയത് ഡ്യൂട്ടിസമയത്തായിട്ടും താത്കാലിക ജോലിയായതിനാൽ വനം വകുപ്പ് അധികാരികൾ ഇതുവരെയും മുകുന്ദനെ തിരിഞ്ഞു നോക്കിയിട്ടില്ല. ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ആനുകൂല്യം തടയാൻ ശ്രമിച്ചുവെന്നുമാണ് മുകുന്ദൻ പറയുന്നത്.
നഷ്ടപരിഹാരത്തിനായി കേസ് കൊടുത്ത മുകുന്ദന്റെ കേസിന്റെ രേഖകൾ വക്കിലും ഒരു മാദ്ധ്യമ പ്രവർത്തകനും കേസിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി മുക്കി. അതിനാൽ കേസിന് ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കുവാൻ മുകുന്ദനായില്ല. പിന്നീട് മനുഷ്യാവകാശ പ്രവർത്തകനായ ജോണിന്റെ ഇടപെടലിലാണ് 10 വർഷത്തിന് ശേഷം രേഖകൾ തിരിച്ചുകിട്ടിയത്.
നഷ്ടപരിഹാരത്തിനായി മുഖ്യമന്ത്രി, പട്ടികവർഗ വകുപ്പ് മന്ത്രി, മനുഷ്യവകാശ കമ്മീഷൻ, തുടങ്ങിയവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് മുകുന്ദൻ.