കാട്ടിക്കുളം: സർക്കാർ ഏറ്റെടുത്ത കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിൽ ജില്ലാ കളക്ടർ എ. ഗീതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. സർക്കാർ ഏറ്റെടുത്ത കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റ് മാനേജരായി ഭൂരേഖാ തഹസിൽദാർ.ജെ. അഗസ്റ്റിനെ നിയമിച്ചു. ഇതിനു പുറമെ മാനന്തവാടി സബ് കളക്ടർ എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മൊത്തത്തിൽ മേൽനോട്ടം വഹിക്കും. തഹസിൽദാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എസ്‌റ്റേറ്റിന്റെ കാര്യങ്ങൾ നോക്കിനടത്തുക. എസ്‌റ്റേറ്റിൽ പൊലീസിന്റെയും തൊഴിൽവകുപ്പിന്റെയും നിരീക്ഷണവുമുണ്ടാകും. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് എസ്റ്റേറ്റിലെ കാപ്പി വിളവെടുപ്പ് അടക്കമുള്ള കാർഷിക വൃത്തികൾ അടുത്ത ദിവസം തന്നെ പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസമാണ് സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്തത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതിനാൽ ഇനി മാനേജരുടെ നേതൃത്വത്തിൽ കാപ്പി അടക്കമുള്ള കാർഷിക വിളകളുടെ ആരംഭിക്കുമെന്ന് എ.ഡി.എം. എൻ.ഐ. ഷാജു പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എസ്‌റ്റേറ്റിൽ എത്തിയത്. എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ എ. അജീഷ്, സബ്കലക്ടർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.