
മേപ്പാടി: 2018 ലെ മഹാപ്രളയത്തിൽ സ്വന്തം പുരയിടം പൂർണമായും തകർന്ന് വിഷമസ്ഥിതിയിലായ പുത്തുമല സ്വദേശി മോഹനനും കുടുംബത്തിനും കുവൈറ്റിലെ ജീവകാരുണ്യ പ്രസ്ഥാനമായ 'സാന്ത്വന'ത്തിന്റെ കൈത്താങ്ങ്. സാന്ത്വനം കുവൈറ്റിന്റെ സഹായത്തോടുകൂടി നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് നിർവഹിച്ചു. പ്രകൃതി ക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിന്ന സമയത്ത് പുതിയ വീടിന് മാത്രമല്ല, ഒപ്പം ജീവനോപാധിക്കായി മൃഗപരിപാലനത്തിനും സഹായം നൽകിയ സാന്ത്വനം കുവൈറ്റിനോടുള്ള നന്ദി സൂചകമായി വീടിന് 'സാന്ത്വനം' എന്ന പേര് നൽകിയിരിക്കുകയാണ് മോഹനനും കുടുംബവും. 2001 മുതൽ ജീവകാരുണ്യ മേഖലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരുന്ന കുവൈറ്റിലെ സുമനസുകളായ മലയാളികളുടെ കൂട്ടായ്മയാണ് സാന്ത്വനം.
കഴിഞ്ഞ 21 വർഷങ്ങളായി രോഗങ്ങൾ മൂലവും മറ്റു ദുരിതങ്ങളാലും കുവൈറ്റിലും നാട്ടിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മുടങ്ങാതെ സാന്ത്വനം സഹായം നൽകി വരുന്നു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് എന്നിവർക്കൊപ്പം സാന്ത്വനത്തിന്റെ പ്രതിനിധികളായ അബ്ദുൾ സത്താർ, മുജീബ് എന്നിവരും പങ്കെടുത്തു.