
കൽപ്പറ്റ: വയനാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ആദ്യമായാണ് വയനാട്ടിൽ ഒമിക്രോൺ സ്ഥീരികരിക്കുന്നത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 28ന് യു എ ഇയിൽ നിന്ന് എത്തിയ 27-കാരിയ്ക്കാണ് ഒമിക്രോൺ സ്ഥിരികരിച്ചത്. യു എ ഇ യിൽ നിന്ന് എത്തിയ സമയത്ത് തന്നെയുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരികരിച്ചിരുന്നു. ഒമിക്രോൺ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്. യുവതിയുടെ സ്രവം പരിശോധനയ്ക്ക് തിരുവനന്തപുരം രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്‌നോളജി വൈറോളജി ലാബിൽ അയച്ചിരുന്നു. ഇന്നലെയാണ് ഫലം പോസിറ്റിവെന്ന് അറിഞ്ഞത്. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു അധികൃതർ പറഞ്ഞു.