ksrtc

സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി കഴിഞ്ഞ രണ്ടു വർഷമായി നിറുത്തിവെച്ച അന്തർസംസ്ഥാന സർവിസുകൾ ഇനിയും മുഴുവൻ പുന:സ്ഥാപിക്കാനായില്ല. ബസുകളുടെ കുറവും ജീവനക്കാരുടെ അഭാവവുമാണ് പ്രശ്നം.
സർവിസ് നടത്തിവന്ന അന്തർസംസ്ഥാന ബസുകൾ ഓട്ടം നിറുത്തിയതോടെ ചുരമിറക്കി മറ്റു ഡിപ്പോകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലോക്ക്ഡൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു പിറകെ ഈ ബസ്സുകളിൽ പകുതിയോളം മാത്രമെ തിരികെയെത്തിയുള്ളു. ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്ത സാഹചര്യത്തിൽ സർവിസ് പുനരാരംഭിച്ചത് നാമമാത്രമായി.
തമിഴ്നാട് ഗൂഡല്ലൂരിലേക്കുള്ള രണ്ടു ബസ്സുകളും പാട്ടവയൽ വഴി കോയമ്പത്തൂർക്കുള്ള ഒരു സർവിസും മാത്രമാണ് ബത്തേരി ഡിപ്പോവിൽ നിന്ന് തുടങ്ങാനായത്. നാടുകാണി വഴി തൃശൂർക്കുള്ള രണ്ട് സർവ്വീസും തമിഴ്നാട് വഴി പാലക്കാട്ടേക്കുള്ള ഒരു സർവിസും അഞ്ച് അയ്യൻകൊല്ലി സർവിസും ഇനിയും തുടങ്ങാനായില്ല. ഇവയ്ക്ക് പുറമെ ബത്തേരി ഡിപ്പോയിൽ നിന്ന് വൈകിട്ട് 7.45-ന് ബാംഗ്ലൂരിലേക്ക് പോകുന്ന ബസും നിറുത്തിവെച്ച നിലയിൽ തന്നെ.