കൽപ്പറ്റ: പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളത്ത് 2018-20 കാലയളവിൽ അനുവദിച്ച 38 പട്ടയങ്ങളുടെ പോക്കുവരവ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബുപോളും പടിഞ്ഞാറത്തറ കാപ്പിക്കളം വാർഡ് മെമ്പർ യു.സി.സജിയും വൈത്തിരി താലൂക്ക് ഓഫീസിന് മുന്നിൽ ഇന്നുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സത്യാഗ്രഹം മാറ്റിവെച്ചു.
മുഴുവൻ പട്ടയ ഉടമകളുടെയും ഭൂമി രണ്ടാഴ്ചക്കുള്ളിൽ പോക്കുവരവ് ചെയ്യുമെന്ന് അഡീഷ്ണൽ തഹസിൽദാർ എം.എസ്.ശിവദാസൻ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സത്യാഗ്രഹം മാറ്റിയതെന്ന് ഇരുവരും വ്യക്തമാക്കി.
വൈത്തിരിയിലെയും പരിസരങ്ങളിലെയും സി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയോടെ താലൂക്ക് ഓഫീസ് വരാന്തയിൽ പാർട്ടി കൊടി നാട്ടി നടത്തിയ കുത്തിയിരുപ്പ് സമരം ഒത്തുതീർക്കുന്നതിന് നടന്ന ചർച്ചയിലായിരുന്നു അഡീഷ്ണൽ തഹസിൽദാരുടെ ഉറപ്പ്.
ചർച്ചയിലെ ധാരണയനുസരിച്ച് മൂന്നിന് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിൽ രേഖകളുടെ പരിശോധനയും 10-ന് സൈറ്റ് ഇൻസ്‌പെക്ഷനും നടത്തും. ഇതിന് ശേഷം ഭൂമി പോക്കുവരവ് ചെയ്ത് ഭൂനികുതി അടക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും. ചർച്ചയിൽ ജനപ്രതിനിധികൾക്ക് പുറമെ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം എം.വി.ബാബു, വൈത്തിരി ലോക്കൽ സെക്രട്ടറി പി.ടി കരുണാകരൻ, പ്രവർത്തകരായ പി.പി മനോജ്, ബീന മനോജ്, ബിനി ഷിജു, ചാക്കോ പയ്യമ്പള്ളി എന്നിവർ പങ്കെടുത്തു. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ വനംവന്യജീവി വകുപ്പ് നിരാക്ഷേപപത്രം അനുവദിച്ച മുറക്കാണ് കാപ്പിക്കളത്തെ 38 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത്.
ശരാശരി ഒരു ഏക്കർ ഭൂമിയാണ് പട്ടയ ഉടമകളുടെ പേരിൽ. പട്ടയം കിട്ടിയതിന് പിന്നാലെ കൈവശക്കാർ ഭൂനികുതി അടക്കാൻ ശ്രമം തുടങ്ങിയതാണ്. എന്നാൽ ഭൂമി സബ്ഡിവിഷൻ ചെയ്ത് നികുതി സ്വീകരിക്കുന്നതിന് നടപടിയുണ്ടായില്ല. താലൂക്ക് സർവേയറാണ് വില്ലേജ് ഓഫീസിലെത്തി രേഖകൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഭുമി പോക്കുവരവ് ചെയ്യേണ്ടത്. എന്നാൽ തിരക്ക് നടിച്ചും മുൻകാല ഫയൽ കാണുന്നില്ലെന്നും പറഞ്ഞ് സർവേയർ ഉത്തരവാദിത്തത്തിൽ നിന്ന് ഇക്കാലമെത്രയും ഒഴിഞ്ഞുമാറുകയായിരുന്നു. ഭൂനികുതി അടക്കാൻ നടപടി തേടി പട്ടയമുടമകളിൽ ചിലർ മുഖ്യമന്ത്രിയുടെ സാന്ത്വനസ്പർശത്തിൽ അപേക്ഷ നൽകിയിരുന്നു. വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് പരിഹാരം കാണണമെന്ന മറുപടിയാണ് അപേക്ഷകർക്ക് ലഭിച്ചത്. ഇതനുസരിച്ച് താലൂക്കിൽ ചെന്നവർക്കും തിക്താനുഭവമാണുണ്ടായത്. തുടർന്നായിരുന്നു ജനപ്രതിനിധികൾ സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചത്.